
തൃശൂര്‍: പുലിപ്പല്ല് മാല ഉപയോഗിക്കുന്നുവെന്ന് കാട്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നും വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് ലംഘനമാണിതെന്നും പരാതിയില്‍ പറയുന്നു. ഐഎന്‍ടിയുസി യുവജനവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിം ആണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. നിയമലംഘനം നടന്നത് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
പുലിപ്പല്ല് കൈവശം വച്ചെന്ന കേസില്‍ റാപ്പര്‍ വേടന് ഇന്ന് അറസ്റ്റിലായിരുന്നു. മൃഗവേട്ടയടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതിനു പിന്നാലെ വനംവകുപ്പാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ കോടനാട്ടെ ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് നടപടി.
പുലിപ്പല്ല് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും ഒറിജിനല്‍ ആണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് വേടന്റെ മൊഴി. ചെന്നൈയിലെ പരിപാടിക്കിടെയാണ് പുലിപ്പല്ല് സമ്മാനമായി ലഭിച്ചതെന്നും ഇന്‍സ്റ്റഗ്രാം വഴിയാണ് രഞ്ജിത് കുമ്പിടിയെ പരിചയമെന്നുമാണ് വേടന് മൊഴി നല്‍കിയത്.
