
കാഞ്ഞങ്ങാട്: വാട്സാപ്പ് ശബ്ദസന്ദേശത്തിലൂടെ മൊഴിചൊല്ലിയെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു.
കല്ലൂരാവിയിലെ സി.എച്ച്. നുസൈബ (21) ഭര്‍ത്താവായ കാസര്‍കോട് നെല്ലിക്കട്ട സ്വദേശിക്കെതിരെ നല്കിയ പരാതിയിലാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. മുത്തലാഖ് നിരോധന നിയമം (മുസ്ലിം സ്ത്രീ വിവാഹസംരക്ഷണം-2019) പ്രാബല്യത്തില്‍ വന്ന ശേഷം പോലീസിന് ലഭിക്കുന്ന ജില്ലയിലെ ആദ്യ പരാതിയാണിത്. സ്ത്രീധന പീഡന നിരോധന നിയമപ്രകാരം ഭര്‍തൃമാതാവ്, ഭര്‍തൃസഹോദരി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വിദേശത്തുള്ള ഭര്‍ത്താവ് തന്നെ മൂന്നുതവണ തലാഖ് ചൊല്ലിയെന്നു പറഞ്ഞ് കഴിഞ്ഞ മാസം 21ന് തന്റെ പിതാവിന്റെ ഫോണില്‍ ശബ്ദസന്ദേശം അയയ്ക്കുകയായിരുന്നെന്നാണ് പരാതി. 2022 ഓഗസ്റ്റ് എട്ടിനാണ് ഇവരുടെ വിവാഹം നടന്നത്. തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരസഭയില്‍ മുസ്ലിം മതാചാരപ്രകാരം വിവാഹം റജിസ്റ്റര്‍ ചെയ്തു.
വിവാഹം കഴിഞ്ഞ് ആറുമാസത്തിനു ശേഷം സ്ത്രീധനം പോരെന്നു പറഞ്ഞ് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡിപ്പിക്കുകയായിരുന്നെന്നും വിവാഹസമയത്ത് അണിഞ്ഞിരുന്ന 20 പവന് ആഭരണങ്ങള്‍ ഭര്‍ത്താവ് വിറ്റെന്നും പരാതിയില്‍ പറയുന്നു. വിവാഹനിശ്ചയ സമയത്ത് 50 പവന് ആവശ്യപ്പെട്ടിരുന്നെന്നും ബാക്കി സ്വര്‍ണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നിരന്തര പീഡനമുണ്ടായതെന്നും പരാതിയിലുണ്ട്.
