
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ വിമർശനവുമായി പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം. അയ്യപ്പസംഗമം നടത്തുന്നതിൽ സാധാരണ ഭക്തർക്ക് എന്തു ഗുണമാണെന്ന് പന്തളം കൊട്ടാരം ചോദിച്ചു. യുവതി പ്രവേശന കാലത്തെ കേസുകൾ പിൻവലിക്കണമെന്നും 2018 ൽ ഉണ്ടായ നടപടികൾ ഇനിയൊരിക്കലും ഉണ്ടാകില്ലെന്ന് സർക്കാർ ഭക്തർക്ക് ഉറപ്പ് നൽകണമെന്നും പന്തളം കൊട്ടാരം നിർവാഹക സംഘം ആവശ്യപ്പെട്ടു. യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണം. അതേസമയം, രാഷ്ട്രീയമില്ല, ആചാര സംരക്ഷണത്തിനായി നിലകൊളളുമെന്നും നിര്‍വ്വാഹക സംഘം സെക്രട്ടറി എംആര്‍എസ് വര്‍മ്മ വ്യക്തമാക്കി.
അതേ സമയം, ആഗോള അയ്യപ്പ സംഗമത്തിൽ നിലപാട് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആഗോള അയ്യപ്പ സംഗമത്തിന് പരിപൂർണ്ണ പിന്തുണ ഇല്ലെന്നാണ് എൻഎസ്എസിന്റെ വിശദീകരണം. ആചാരത്തിന് കോട്ടം ഇല്ലെങ്കിൽ നല്ലത്. സമിതി നേതൃത്വം രാഷ്ട്രീയ മുക്തമാകണമെന്ന നിർദേശവും എൻഎസ്എസ് മുന്നോട്ട് വെച്ചു. ഉപാധികളോടെയാണ് പിന്തുണ എന്ന് അറിയിച്ച ജി സുകുമാരൻ നായർ സമിതിയിൽ അയ്യപ്പ ഭക്തർ വേണമെന്നും നിർദ്ദേശിച്ചു. നിലവിൽ മുഖ്യമന്ത്രിയാണ് മുഖ്യ രക്ഷാധികാരി. സമിതിയിൽ മന്ത്രിമാരും അംഗങ്ങളാണ്.
എന്നാൽ അയ്യപ്പ സംഗമത്തെ പിന്തുണച്ചതിൽ എൻഎസ്എസിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. ശബരിമല പ്രക്ഷോഭ കേസുകളുടെ പേരിൽ കരയോഗാംഗങ്ങള്‍ക്കും മക്കള്‍ക്കും പാസ്പോര്‍ട്ട് പോലും എടുക്കാനായില്ലെന്ന് എൻഎസ്എസ് ഓര്‍ക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. എൻഎസ്എസ് പിന്തുണയ്ക്കുമ്പോള്‍ സംഗമം ഇലക്ഷൻ സ്റ്റണ്ടെന്ന് സംശയിക്കുയാണെന്നാണ് യോഗക്ഷേമ സഭ പ്രതികരിച്ചത്. അതേസമയം, എൻഎസ്എസ് പിന്തുണ ഊര്‍ജ്ജവും പ്രോത്സാഹനവുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രതികരിച്ചു.
