മനാമ: മൂലധനത്തിന്റെ ബാധ്യതകളില്ലാതെ കുറേക്കൂടെ ആശയ പ്രചരണത്തിനുള്ള മാധ്യമമാക്കി സിനിമയെ മാറ്റാൻ സാധിക്കുന്ന സാഹചര്യമുണ്ടാകണമെന്ന് ദേശീയ – സംസ്ഥാന അവാർഡ് ജേതാവായ പ്രശസ്ത തിരക്കഥാകൃത്ത് സജീവ് പാഴൂർ അഭിപ്രായപ്പെട്ടു. ബഹ്റൈൻ പ്രതിഭ ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു കലാരൂപങ്ങളെ പോലെ സിനിമ ശാസ്ത്രീയമായ ഒരടിത്തറയുള്ള കലാരൂപമല്ല. അവസാന നൂറ്റാണ്ടിൽ രംഗത്തുവന്ന വില്പനക്ക് പറ്റിയ ഒരു കമ്പോള ഉൽപ്പന്നമെന്ന നിലയിലാണ് സിനിമ ഉപയോഗിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ മൂലധനമിറക്കുന്നവർക്ക് ലാഭം ഉറപ്പ് കൊടുക്കേണ്ട ബാധ്യത സിനിമ പ്രവർത്തർക്കുണ്ട്. അത്തരത്തിൽ കമ്പോളത്തിൽ മൂലധനനിക്ഷേപകർക്ക് ലാഭം നൽകേണ്ട ഒരു വ്യവസായ ഉൽപ്പന്നം കൂടെയാണ് സിനിമ. അതുകൊണ്ടു തന്നെ പൂർണ്ണമായും ആശയ പ്രചരണത്തിന് ഉപയോഗിക്കാവുന്ന ഒരു മാധ്യമമായി എഴുത്തുകാരൻ ആഗ്രഹിച്ചാൽ പോലും സാധ്യമാകാതെ വരുന്നുണ്ട്.സ്റ്റേറ്റ് സിനിമകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് മാറിയാൽ ആ സ്ഥിതിക്ക് ഏറെക്കുറെ മാറ്റമുണ്ടാകാം. കേരള സർക്കാർ കഴിഞ്ഞ വർഷം സ്ത്രീ സംവിധായകരുടെ മൂന്ന് ചലച്ചിത്രങ്ങൾക്ക് അത്തരത്തിൽ പ്രോത്സാഹനം നൽകിയത് പ്രതീക്ഷാനിർഭരമായ ഒരു ചുവടുവയ്പ്പാണ്.മൂലധനത്തിന്റെ ബാധ്യതകളില്ലാതെ കുറേക്കൂടെ ആശയ പ്രചരണത്തിനുള്ള മാധ്യമമാക്കി സിനിമയെ മാറ്റാൻ അതുവഴി സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ അവാർഡ് നേടിയ നിർമ്മാല്യം പോലുള്ള സിനിമകളുടെ അവസാന ഭാഗം ഒഴിവാക്കി മാത്രം കാണിക്കാൻ സാധിക്കുന്ന സാമൂഹ്യ സാഹചര്യത്തിലേക്ക് നാം എത്തി നിൽക്കുകയാണ് , അത് നമ്മുടെ സമൂഹം എങ്ങോട്ടാണ് നീങ്ങുന്നത് എന്നതിന്റെ സൂചനയാണ് . ജാതി അപകടകരമായ രീതിയിൽ നമ്മുടെ സിനിമാമേഖലയിലും സ്വാധീനം ചെലുത്തുന്നുണ്ട് ഒരു കഥാപാത്രത്തിന് പേരിടുന്നത് പോലും സിനിമ എഴുത്തുകാർക്ക് വലിയ വെല്ലുവിളിയാണിന്ന് , അത്തരം ഒരു ആലോചനയിലേക്ക് നമ്മെ നയിക്കുന്ന അപകടരമായ ഒരു സാമൂഹ്യ പരിസരത്തിലേക്ക് നാം മാറിയിരിക്കുന്നു. തമിഴ് സിനിമരംഗത്തു ഈ അടുത്തു കണ്ടുവരുന്ന മുന്നേറ്റങ്ങൾ പ്രതീക്ഷാ നിർഭരമാണ്, അത്തരം സിനിമകളെ പ്രേക്ഷക സമൂഹം സ്വീകരിക്കുന്ന പോലെ മലയാള സിനിമയിലും പ്രേക്ഷകർ അത്തരത്തിൽ സമീപിച്ചാൽ സിനിമകൾ വിജയമാകുകയും അത് മലയാള സിനിമാപ്രവർത്തകർക്ക് അത്തരം ചലച്ചിത്രങ്ങളുമായി മുന്നോട്ട് വരാൻ കൂടുതൽ പ്രചോദനം നൽകുകയും ചെയ്യുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന് സദസിൽ നിന്നും ഉയർന്നു വന്ന ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറയുകയും ചെയ്തു.
പ്രതിഭ ഹാളിൽ വച്ച് സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ പ്രതിഭ ഫിലിം ക്ലബ് കൺവീനർ സുലേഷ് സ്വാഗതം ആശംസിച്ചു , പ്രതിഭ പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ അദ്ധ്യക്ഷത വഹിക്കുകയും പ്രതിഭ രക്ഷാധികാരി സമിതി അംഗം എൻ.വി. ലിവിൻ കുമാർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.