വയനാട്: മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസം മന്ത്രിസഭ അംഗീകരിച്ചതിനു പിന്നാലെ ഉന്നതതല യോഗം വിളിച്ച് റവന്യു മന്ത്രി കെ.രാജന്. ആദ്യഘട്ട പുനരധിവാസത്തിന് അര്‍ഹരായവരുടെ അന്തിമപട്ടിക ജനുവരി 15ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഫെബ്രുവരി 10-ന് രണ്ടാംഘട്ട പട്ടികയ്ക്ക് രൂപമാകുമെന്നും അറിയിച്ചു.
ദുരന്തബാധിതര്‍ക്ക് നല്കുന്ന ഭൂമിയുടെ അളവ് സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കും. 263 പേര് ദുരന്തത്തില്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 35 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇവര്‍ക്ക് കൂടിയുള്ള മരണസര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള നടപടിയുണ്ടാകും. പുനരധിവാസ പദ്ധതിക്കായി ഐ.എ.എസ് റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥനെ ഉടന്‍ സ്പെഷ്യല്‍ ഓഫീസറായി നിയമിക്കും.-മന്ത്രി പറഞ്ഞു.
യോഗത്തിന് ശേഷം പുനരധിവാസം നടത്താന്‍ ഉദ്ദേശിക്കുന്ന എസ്റ്റേറ്റുകളും മന്ത്രി സന്ദര്‍ശിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കിഫ്കോണ്‍, ഊരാളുങ്കല്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിതരെ പുനരധിവസിപ്പിക്കാന്‍ കല്പറ്റ വില്ലേജിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ 58.50 ഹെക്ടറും കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റില്‍ 48.96 ഹെക്ടറും ഭൂമി ഏറ്റെടുക്കും. രണ്ടു ടൗണ്‍ഷിപ്പായാണ് നിര്‍മാണം. ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക്.
ഭൂമിവില വ്യത്യാസമുള്ളതിനാല്‍ എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ ഒരു കുടുംബത്തിന് അഞ്ചുസെന്റും നെടുമ്പാലയില്‍ 10 സെന്റും നല്‍കും. എല്ലാ സഹായങ്ങളും ഏകോപിപ്പിച്ചായിരിക്കും പുനരധിവാസപദ്ധതി പൂര്ത്തിയാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ദുരന്തമേഖലയിലുണ്ടായിരുന്നവരും ജോണ്‍ മത്തായി സമിതി ഇനി താമസിക്കാനാകില്ലെന്ന് അടയാളപ്പെടുത്തിയ മേഖലയിലെ കുടുംബങ്ങളെയുമാണ് പുനരധിവസിപ്പിക്കുക. ടൗണ്‍ഷിപ്പിനുപുറത്ത് താമസിക്കാനാഗ്രഹിക്കുന്ന ദുരന്തബാധിതര്‍ക്ക് അതിനായി 15 ലക്ഷം രൂപ നല്‍കും. ഇതേ തുക കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയിലെ അഞ്ച് ട്രൈബല്‍ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും അനുവദിക്കും.
ടൗണ്‍ഷിപ്പ് നിര്‍മാണം എന്‍ജിനിയറിങ് പ്രൊക്വര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഇ.പി.സി) പ്രകാരം അംഗീകരിക്കും. തൊഴിലുടമയുടെ പ്രതിനിധിയായി കിഫ്ബിയുടെ അനുബന്ധസ്ഥാപനമായ കിഫ്കോണിനെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി അധ്യക്ഷനായ വയനാട് പുനര്നിര്മാണസമിതിക്കായിരിക്കും നേതൃത്വം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഏകോപനസമിതിയും കളക്ടറുടെ നേതൃത്വത്തിലുള്ള പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റുമുണ്ടാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷനേതാവും പ്രധാന സ്പോണ്‍സര്‍മാരും മന്ത്രിമാരും ഉള്‍പ്പെടുന്ന ഉപദേശകസമിതി രൂപവത്കരിക്കും.
പുനരധിവാസത്തിനായി സ്പോണ്‍സര്‍ഷിപ്പ് പ്രകാരം ലഭിക്കുന്ന തുകയുടെ വിനിയോഗത്തിന് പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കും. സി.എം.ഡി.ആര്.എഫ്., എസ്.ഡി.ആര്.എഫ്., സ്പോണ്‍സര്‍ഷിപ്പ്, സി.എസ്.ആര്. ഫണ്ട്, പി.ഡി.എന്‍.എ. റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ലഭ്യമാകുന്ന കേന്ദ്രസഹായം എന്നിവ പ്രയോജനപ്പെടുത്തും.
സൗകര്യങ്ങള്‍
വൈദ്യുതി, കുടിവെള്ള, ശുചിത്വസംവിധാനം, വിദ്യാലയം, അങ്കണവാടി, കളിസ്ഥലം, ആരോഗ്യകേന്ദ്രം, മാര്‍ക്കറ്റ്, വിനോദസൗകര്യം എന്നിവ ടൗണ്ഷിപ്പിലുണ്ടാകും.
ഉടമസ്ഥാവകാശം
ടൗണ്‍ഷിപ്പിന്റെ ഉടമസ്ഥാവകാശം ദുരന്തബാധിതര്‍ക്കായിരിക്കും. എന്നാല്‍, കൈമാറ്റത്തിന് പ്രത്യേക മാനദണ്ഡങ്ങളുണ്ടാകും. പുനരധിവാസത്തിനുശേഷവും ദുരന്തബാധിതമേഖലയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം അവരവര്ക്കുതന്നെയായിരിക്കും. ഉരുള്‍പൊട്ടിയ പ്രദേശം ഉത്പാദനപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സാധ്യത ആരായും.