ന്യൂഡൽഹി: വയനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ തിടുക്കം കൂട്ടാതെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. 2023 ഫെബ്രുവരി വരെയുളള ഒഴിവുകളാണ് പരിഗണിച്ചതെന്നും അതിനാലാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് ഇല്ലാത്തതെന്നും കമ്മിഷൻ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയതോടെയാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞത്. വിചാരണക്കോടതി അനുവദിച്ച 30 ദിവസത്തിന് ശേഷം വയനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതോടെ വയനാട്ടിലും ഉപതിരഞ്ഞെടുപ്പ് നടക്കുമോ എന്ന ആശങ്ക ഉയർന്നിരുന്നു. ഉപതിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കാനുള്ള ഉത്തരവിന്റെ പകർപ്പ് ലോക്സഭാ സെക്രട്ടേറിയറ്റ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും കേരളത്തിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്കും അയച്ചിരുന്നു.