തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തുള്ളവരുടെ മുഴുവന്‍ വായ്പയും എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവിടെയുള്ളവരുടെ വായ്പകൾ ഇപ്പോള്‍ തിരിച്ചടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അതില്‍ മാതൃകാപരമായ നടപടിയുണ്ടാകേണ്ടതാണ്. വായ്പകളുടെ കാര്യത്തില്‍ കേരള ബാങ്ക് സ്വീകരിച്ച മാതൃകാപരമായ നിലപാട് സ്വീകരിക്കണമെന്ന് ബാങ്കിങ് സമിതി യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. യോഗത്തില്‍ പങ്കെടുക്കുന്ന റിസര്‍വ് ബാങ്കിന്റേയും നബാര്‍ഡിന്റേയും അധികാരികള്‍ ഇതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ചെറിയ സഹായധനം സര്‍ക്കാര്‍ കൊടുത്തു. ഇത് ബാങ്കു വഴിയാണല്ലോ കൊടുക്കുക. കേരള ഗ്രാമീണ്‍ ബാങ്കില്‍ പണം എത്തിയപ്പോള്‍ അവര്‍ ബാധ്യതയില്‍ നിന്നും ഈടാക്കുകയാണ് ചെയ്തത്. ഇതുപോലൊരു ഘട്ടത്തില്‍ ആരും യാന്ത്രികമായി പെരുമാറാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് കാര്‍ഷിക ഭൂമിയാണ്. ഉരുള്‍പൊട്ടല്‍ ആ ഭൂമിയുടെ സ്വഭാവം തന്നെ മാറ്റിക്കളഞ്ഞു. ഊഹിക്കാന്‍ കഴിയാത്തത്ര വലിയ പാറക്കല്ലുകളാണ് ഒഴുകിയെത്തിയത്. ഇവിടെയുള്ളവര്‍ പല തരത്തില്‍ ബാങ്കു വായ്പകളെടുത്തിട്ടുണ്ട്. വീടു നിര്‍മ്മിക്കാന്‍ വായ്പ എടുത്ത് വീടു നിര്‍മ്മിച്ച ആ വീടു തന്നെ ഇല്ലാത്ത അവസ്ഥയാണ്. വാഹനം വാങ്ങാന്‍ വായ്പ എടുത്തവര്‍ വാഹനം വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്ത വാഹനം ഉപയോഗയോഗ്യമല്ലാത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കാര്‍ഷികവൃത്തിയുടെ ഭാഗമായി കന്നുകാലികളെ വാങ്ങാനും മറ്റും പലരും വായ്പ എടുത്തിട്ടുണ്ടാകും. ഉരുള്‍പൊട്ടലില്‍ വലിയ തോതില്‍ വളര്‍ത്തുമൃഗങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. കൃഷിക്ക് വേണ്ടി വായ്പ എടുത്തവരില്‍ കുറേപേര്‍ ജീവിച്ചിരിപ്പില്ല. ജീവിച്ചിരിക്കുന്നവര്‍ക്ക് അവിടെ കൃഷി ചെയ്യാന്‍ പറ്റാത്ത സ്ഥിതിയുമാണ്. ഈ സാഹചര്യത്തില്‍ ആ പ്രദേശത്തുള്ളവരുടെ കടം പൂര്‍ണമായി എഴുതി തള്ളണമെന്നാണ് നിര്‍ദേശിക്കാനുള്ളത്. പുനരധിവാസവുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ ചെയ്യാന്‍ സന്നദ്ധമായിട്ടുള്ള കാര്യങ്ങള്‍ സര്‍ക്കാരുമായി സഹകരിച്ച് നല്ല രീതിയില്‍ നടപ്പാക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.