മാനന്തവാടി: വയനാട് പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവെക്കാന്‍ സംഘത്തെ നിയോഗിച്ചതായി എ.ഡി.എം കെ. ദേവകി. കടുവ കൂട്ടിലാണ് അകപ്പെടുന്നതെങ്കില്‍ കാഴ്ചബംഗ്ലാവിലേക്ക് മാറ്റും. ഓപ്പറേഷന്റെ ഭാഗമായി ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു. വെടിവെക്കാനുള്ള ഉത്തരവ് ഇവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും എ.ഡി.എം പറഞ്ഞു.
വനത്തില്‍ 20 മീറ്റര്‍ പരിധിയില്‍ കാട് വെട്ടുന്നതിനുള്ള സമ്മതം പോലീസിനെ അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് പോലീസും ഫോറസ്റ്റും സംയുക്തമയി പട്രോളിങ് നടത്തും. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആറ് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. രാധയുടെ കുടുംബത്തിന് നല്കാന് ബാക്കിയുള്ള തുക വിതരണം ചെയ്യുമെന്നും കൊല്ലപ്പെട്ട വ്യക്തിയുടെ ഒരു കുടുംബാംഗത്തിന് താല്‍ക്കാലികമായി ഫെബ്രുവരി ഒന്ന് മുതല്‍ തന്നെ ജോലി കൊടുക്കും. സ്ഥിര നിയമനം സര്‍ക്കാര്‍ ഉത്തരവിനനുസരിച്ച് നടപ്പിലാക്കുമെന്നും എ.ഡി.എം വ്യക്തമാക്കി.
ഇതുവരെയുള്ള സംഭവങ്ങള്‍ക്ക് പോലീസ് കേസുകള്‍ എടുക്കില്ല. ആര്.ആര്.ടി അംഗങ്ങളുള്ള എണ്‍പത് പേര് സ്ഥലത്ത് കേന്ദ്രീകരിക്കുന്നുണ്ട്. പ്രിയദര്‍ശിനി എസ്റ്റേറ്റിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ല കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തരമായി മീറ്റിങ് കൂടുമെന്നും എ.ഡി.എം വ്യക്തമാക്കി. സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു എ.ഡി.എം.