തിരുവനന്തപുരം / കൊച്ചി∙ തോരാമഴയിൽ സംസ്ഥാനത്തെ മിക്ക നഗരങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട്. രാവിലെ ഓഫിസുകളിൽ പോകാനിറങ്ങിയവർ തിരുവനന്തപുരത്തെയും കൊച്ചിയിലെയും വെള്ളക്കെട്ടിൽ വഴിയിൽ കുടുങ്ങി. ഓപ്പറേഷൻ അനന്ത അനന്തമായി നീണ്ടുപോയതിന്റെ ദുരിതത്തിലാണ് തിരുവനന്തപുരം. മുക്കോലയ്ക്കൽ, അട്ടക്കുളങ്ങര, കുളത്തൂർ, ഉള്ളൂർ എന്നിവിടങ്ങളിലെല്ലാം വീടുകളിൽ വെള്ളം കയറി. നഗരത്തിലെ ഓടകളെല്ലാം അടഞ്ഞ സ്ഥിതിയാണ്.
ആലപ്പുഴയിൽ റോഡുകളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. തകഴി അഗ്നിരക്ഷസേന ഓഫിസിൽ വെള്ളം കയറി. ഓടകൾ കവിഞ്ഞൊഴുകിയാണ് റോഡിന്റെ വശങ്ങളിൽ വെള്ളക്കെട്ടുണ്ടായത്. ദേശീയപാതയുടെ നിർമാണ ജോലികൾ നടക്കുന്ന പ്രദേശങ്ങളിലെ കുഴികളിലും മഴവെള്ളം നിറഞ്ഞിട്ടുണ്ട്. തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമായോക്കാമെന്നാണ് മുന്നറിയിപ്പ്.
കൊച്ചിയിൽ വൈറ്റില, കുണ്ടന്നൂർ ഭാഗങ്ങളിൽ വലിയ തോതിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ദേശീയപാതയുടെ നിർമാണം നടക്കുന്ന ഇടപ്പള്ളിയിൽ വെള്ളക്കെട്ട് കാരണം രൂപപ്പെട്ട ഗതാഗതക്കുരുക്ക് പൊതുജനങ്ങൾക്ക് തലവേദനയായി. ഇരുച്ചക്ര വാഹനങ്ങൾ സുരക്ഷിതമായി ഈ പ്രദേശങ്ങളിലൂടെ സഞ്ചരിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.