ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷണ് സിങിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന കായികതാരങ്ങള്‍ക്ക് പിന്തുണയുമായി അന്തര്‍ ദേശീയ കായിക സംഘടനകള്‍. ഇതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലായി. 45 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ റസലിങ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ അഫിലിയേഷന് റദ്ദാക്കുമെന്നാണ് അന്താരാഷ്ട്ര ഗുസ്തി മത്സരങ്ങള്‍ നിയന്ത്രിക്കുന്ന യുണൈറ്റഡ് വേള്‍ഡ് റസലിങ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
ഗുസ്തി താരങ്ങളുമായും കേന്ദ്ര സര്‍ക്കാരുമായും ചര്‍ച്ച നടത്തുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. ഒക്ടോബറില്‍ നടക്കുന്ന കമ്മിറ്റിയുടെ യോഗം ഇന്ത്യയില്‍ ചേരാനിരിക്കെയാണ് കമ്മിറ്റി വിഷയത്തില്‍ ഇടപെടുന്നത്. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി സംയുക്ത കിസാന്‍ മോര്‍ച്ച നാളെ രാജ്യവ്യാപക സമരം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും ജില്ലാ താലൂക്ക് ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാകും നാളെ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച ബ്രിജ്ഭൂഷണിന്റെ കോലം കത്തിച്ചുകൊണ്ട് സമരം നടത്തുക.