
കൊച്ചി: വൈറ്റിലയില്‍ യുവതിയെ കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതിയെ പോലീസ് പിടികൂടി. കൊച്ചി സ്വദേശി ഷാജി എന്നയാളാണ് പിടിയിലായത്.
പ്രതിയെ മരട് പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇരുവരും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിക്കൊപ്പം യുവതി നടന്നുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായത്. ഇരുവരും കാറില്‍നിന്നിറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ട്രാക്കിനടുത്തുകൂടി പിന്നീട് ഷാജി ഒറ്റയ്ക്ക് നടന്നുപോകുന്ന ദൃശ്യങ്ങളും ലഭിച്ചു.
ഈ സമയം ഷാജിയുടെ ഷര്‍ട്ടില്‍ രക്തക്കറയുണ്ടായിരുന്നു. ഇതോടെയാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്.
കോട്ടയം സ്വദേശി സുധ ബേബിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഉപയോഗശൂന്യമായ പാളമാണെന്നറിയാതെ അവിടെ മൃതദേഹം ഉപേക്ഷിച്ചതോടെയാണ് ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം പൊളിഞ്ഞത്.
വൈറ്റിലയിലൂടെ കടന്നുപോയ അമൃത എക്സ്പ്രസിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കിനോടു ചേര്‍ന്ന് യുവതിയുടെ മൃതശരീരം ആദ്യം കണ്ടത്. വിവരമറിഞ്ഞെത്തിയ പോലീസ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചതാണോ എന്ന സംശയത്തില്‍ പരിശോധിച്ചു. എന്നാല്‍ ട്രെയിന്‍ തട്ടി മരിച്ചതിന്റെ പരിക്കുകളല്ല മൃതദേഹത്തില്‍ കണ്ടത്. മുഖത്ത് അടിച്ചതിന്റെ പാടുകളും ശരീരത്തില്‍ രക്തക്കറയും കണ്ടതോടെ കൊലപാതകമെന്ന സംശയമായി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കൊലപാതകത്തിനുള്ള സാധ്യത പോലീസ് ഉറപ്പിച്ചു. തൊട്ടടുത്ത് കണ്ടെത്തിയ മൊബൈല്‍ ഫോണിന്റെ സിം വിശദാംശങ്ങള്‍ കോട്ടയം സ്വദേശി സുധ ബേബി എന്ന യുവതിയിലേക്ക് പൊലീസിനെ എത്തിച്ചു.


