ന്യൂഡല്‍ഹി: എയര്‍ ടെലിനു പിന്നാലെ വോഡഫോണ്‍ ഐഡിയയും (വിഐ) പ്രി പെയ്ഡ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഇരുപതു മുതല്‍ 25 ശതമാനം വരെയാണ് വര്‍ധന. ഈ മാസം 25 മുതല്‍ പുതിയ നിരക്കു പ്രാബല്യത്തില്‍ വരും. ടെലികോം വ്യവസായത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക പ്രയാസം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിരക്കില്‍ മാറ്റം വരുത്തുന്നതെന്ന് കമ്പനി അറിയിച്ചു.
എയര്‍ ടെല്‍
നേരത്തെ എയര്‍ ടെല്‍ നിരക്കു വര്‍ധന പ്രഖ്യാപിച്ചിരുന്നു. പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതല്‍ 25 ശതമാനം വരെ കൂട്ടുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. വോയ്സ് പ്ലാനുകള്‍, അണ്‍ലിമിറ്റഡ് വോയ്സ് പ്ലാനുകള്‍, ഡേറ്റാ പ്ലാനുകള്‍ എന്നിവയ്ക്കെല്ലാം ഇത് ബാധകമാകും. നവംബര്‍ 26 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു.
ഒരു വര്‍ഷത്തേക്കുള്ള പ്രീമിയം കോംബോ പ്രീപെയ്ഡ് പ്ലാന്‍ ഇനി മുതല്‍ ലഭ്യമാകുക 2,999 രൂപയ്ക്കാണ്. നേരത്തെ ഇത് 2,498 രൂപയായിരുന്നു. അണ്‍ലിമിറ്റഡ് കോള്‍, പ്രതിദിനം രണ്ട് ജിബി ഡാറ്റ, പ്രതിദിനം 100 എസ്.എം.എസുകള്‍ എന്നിവ അടങ്ങിയതാണ് ഈ പ്ലാന്‍. 501 രൂപയുടെ വര്‍ധനവാണ് ഈ ഒരൊറ്റ പ്ലാനില്‍ മാത്രം ഉണ്ടാകുന്നത്. 1498 രൂപയുടെ കോംബോ പാക്കിന് ഇനി 1,799 രൂപ ചെലവഴിക്കണം. 698 രൂപയുടെ കോംബോ പ്ലാന്‍ ഇനി 839 രൂപയ്ക്കാണ് ലഭ്യമാകുക.
84 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോള്‍ സൗകര്യവും ലഭ്യമാകുന്ന 598 രൂപയുടെ പാക്കിന് ഇനി 719 രൂപ ചെലവഴിക്കണം. 449 രൂപയുടെ കോംബോ ഓഫറിന് 549 രൂപയാകും. 399 രൂപയുടെ പാക്കിന് 479 രൂപ നല്‍കണം.