
മലപ്പുറം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പിടിയില്‍. വഴിക്കടവ് സ്വദേശി ജുനൈദിനെയാണ് മലപ്പുറം പൊലീസ് ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്.
ജുനൈദ് സമൂഹമാധ്യമത്തിലൂടെ യുവതിയുമായി പരിചയപ്പെടുകയും, ആ ബന്ധം പ്രണയത്തിലേക്കെത്തുകയുമായിരുന്നു. വിവാഹ വാഗ്ദാനം നൽകി 2 വർഷത്തോളം ലോഡ്ജുകളിലും ഹോട്ടലുകളുമെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഹോട്ടലുകളില്‍ വെച്ച് ജുനൈദ് യുവതിയുടെ നഗ്ന ചിത്രങ്ങൾ പകർത്തിയിരുന്നു. സമൂഹമാധ്യമം വഴി ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
യുവതി പരാതി നൽകിയ വിവരം അറിഞ്ഞതോടെ, ജുനൈദ് വിദേശത്തേക്ക് കടക്കാൻ ശ്രമം നടത്തി. ഈ വിവരം അറിഞ്ഞ മലപ്പുറം പൊലീസ് പ്രതിയെ ബെംഗളൂരു വിമാനത്താവളത്തിന്റെ പരിസരത്ത് വച്ചാണ് വലയിലാക്കിയത്. ജുനൈദിനെ ഇന്ന് മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. മലപ്പുറം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി. വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
