കോട്ടയം : വിതുര പെൺവാണിഭ കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ഒന്നാം പ്രതി ജുബൈറ മൻസിലിൽ സുരേഷിന് (ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാൻ) 24 വർഷം കഠിന തടവും ഒരു ലക്ഷത്തി ഒൻപതിനായിരം രൂപയും പിഴയും. പെൺവാണിഭം സംബന്ധിച്ച രജിസ്റ്റർ ചെയ്ത 24 കേസുകളിലെ ഒരു കേസിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കുന്നതിനാൽ പത്ത് വർഷം തടവ് അനുഭവിച്ചാൽ മതിയാകും എന്നാണ് കോടതി ഉത്തരവ്. പിഴയായി അടയ്ക്കുന്ന തുക പെൺകുട്ടിയ്ക്ക് നൽകണം.
പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”
READ 3D PRO: ml.starvisionnews.com/starvision-3d-pro-11-feb-2021/
കോട്ടയം ജില്ലാ അഡീഷണൽ സെഷന്സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ട് പോകൽ, തടവിൽ പാർപ്പിക്കൽ, മറ്റുള്ളവർക്ക് പെൺകുട്ടിയെ കാഴ്ചവെക്കൽ, വേശ്യാലയം നടത്തൽ എന്നീ കുറ്റങ്ങളാണ് ഒന്നാം പ്രതിയായ കൊല്ലം സ്വദേശി കടയ്ക്കൽ സുരേഷിനെതിരെ ചുമത്തിയിരുന്നത്. 372-ാം വകുപ്പ് പ്രകാരം പെൺകുട്ടിയെ മറ്റുള്ളവർക്ക് മുന്നിൽ കാഴ്ചവെച്ചതിന് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 344-ാം വകുപ്പ് പ്രകാരം തട്ടിക്കൊണ്ട് പോകൽ, തടവിൽ പാർപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് 2 വർഷം തടവും 5000 പിഴയും ശിക്ഷ വിധിച്ചു. അനാശാസ്യ കേന്ദ്രം നടത്തിയതിന് രണ്ട് വകുപ്പുകളിലായി 12 വർഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്. എന്നാൽ പത്ത് വർഷം ശിക്ഷ അനുഭവിച്ചാൽ മതിയാകും. ഇനി നടപടി പൂർത്തിയാക്കാനുള്ള 23 കേസുകളിലും സുരേഷ് തന്നെയാണ് ഒന്നാം പ്രതി. ഈ കേസുകളിലെ വിചാരണ തുടരും.
1995 ലായിരുന്നു കേസിനാസ്പദമായ സംഭവം. വിതുര സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മറ്റുള്ളവർക്ക് കാഴ്ചവച്ചതാണ് കേസ്. ഒന്നാം പ്രതിയായ കൊല്ലം കടയ്ക്കൽ സ്വദേശി സുരേഷ് ആണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കൊണ്ടുപോയത്. ചലച്ചിത്ര താരം ജഗതി ശ്രീകുമാർ ഉൾപ്പെടെയുള്ളവരെ നേരത്തെ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു.