കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. 11 മാസങ്ങൾക്ക് ശേഷമാണ് കേസിൽ വിധി ഉണ്ടാകുന്നത്. കിരണിനെതിരായ ആത്മഹത്യാ പ്രേരണയും സ്ത്രീധന പീഡനവും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. കേസിൽ ശിക്ഷ നാളെ വിധിക്കും. പ്രതി കിരണ്‍ കുമാറും വിസ്മയയുടെ അച്ഛന് ത്രിവിക്രമന്‍ നായരും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു.
കഴിഞ്ഞ ജൂൺ 21നാണ് ആയുർവേദ ബിരുദ വിദ്യാര്‍ത്ഥിനിയായ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകള്‍ ഉള്‍പ്പടെ 12 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. എന്നാല്‍, ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാന്‍ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരൺ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.
കിരണിന് മാതൃകാപരമായ ശിക്ഷ കിട്ടണമെന്നായിരുന്നു വിസ്മയയുടെ അച്ഛന് ത്രിവിക്രമന്‍ നായര്‍ കേസിന്റെ വിധി പ്രഖ്യാപനത്തിന് മുൻപ് വ്യക്തമാക്കിയത്. പഴുതടച്ച അന്വേഷണമാണ് നടന്നതെന്നും ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. മകള്‍ അനുഭവിച്ചതിന്റെ നാലിലൊന്നെങ്കിലും കിരണും അനുവഭിക്കുമെന്നും, കിരണ്‍ കുമാര്‍ ജയിലില്‍ കഴിഞ്ഞ സമയത്ത് തനിക്ക് നേരെ ഭീഷണികത്ത് വന്നിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.