അബുദാബി: മുൻകൂട്ടി വിസ വേണ്ടാതെ യുഎഇയിലേക്ക് വരാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം 60 ആയി ഉയർത്തി. നേരത്തെ 40 രാജ്യങ്ങളിൽ നിന്നുള്ളവർക്കായിരുന്നു വിസ ഓൺ അറൈവൽ ലഭിച്ചിരുന്നത്. പുതുക്കിയ പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യയിലെ ഉയർന്ന ജനസംഖ്യ വിസ ഓൺ അറൈവലിന് ഒരു തടസ്സമാണെന്നാണ് പറയുന്നത്. യുഎസ് വിസയുള്ളവർക്കും യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ പെർമനൻ്റ് റസിഡൻ്റ് വിസയുള്ള ഇന്ത്യക്കാർക്കും വിസ ഓൺ അറൈവൽ വഴി യുഎഇയിലേക്ക് വരാം.
അവരുടെ വിസയ്ക്ക് കുറഞ്ഞത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണം. 14 ദിവസത്തേക്കാണ് ഇവർക്ക് വിസ ഓൺ അറൈവൽ ലഭിക്കുക. ഇത് 14 ദിവസത്തേക്ക് കൂടി നീട്ടാം, ഉയർന്ന ജനസംഖ്യയുള്ള ചൈനയ്ക്കും വിസ ഓൺ അറൈവൽ നൽകിയിട്ടില്ല. 90 ദിവസം വരെ താമസിക്കാൻ കഴിയുന്ന 40 രാജ്യങ്ങളും 30 ദിവസം വരെ താമസിക്കാൻ കഴിയുന്ന 20 രാജ്യങ്ങളുമാണ് വിസ ഓൺ അറൈവലിലുള്ളത്. 90 ദിവസത്തെ വിസ ലഭിക്കുന്നവയിൽ ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങളാണ്. യുഎസ് വിസയുള്ളവർക്ക് 30 ദിവസം വരെ താമസിക്കാം. 30 ദിവസത്തെ വിസ കാലാവധി 10 ദിവസം കൂടി നീട്ടാം.
വിസ ഓൺ അറൈവൽ രാജ്യങ്ങളുടെ പട്ടിക സമയബന്ധിതമായി പരിഷ്കരിക്കുന്നതിനാൽ, യാത്ര ചെയ്യുന്നതിന് മുമ്പ് അതത് രാജ്യത്തെ യുഎഇ എംബസി വഴി സാധുത പരിശോധിക്കണമെന്ന് ഡിജിറ്റൽ ഗവൺമെൻ്റ് അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ളവർ എൻട്രി പെർമിറ്റ് എടുക്കണം. യുഎഇയിലെ ഏതെങ്കിലും കമ്പനി, താമസ വിസയുള്ള വ്യക്തി, വിമാനക്കമ്പനി അല്ലെങ്കിൽ യുഎഇ ആസ്ഥാനമായുള്ള ട്രാവൽ ടൂറിസം ഏജൻസി എന്നിവയിലാരെങ്കിലും സ്പോൺസർ ചെയ്താൽ മാത്രമേ ഇവർക്ക് വിസ ലഭിക്കൂ. ജിസിസി പൗരൻമാർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യുഎഇയിൽ പ്രവേശിക്കാം. പ്രത്യേക വിസയോ എൻട്രി പെർമിറ്റോ ആവശ്യമില്ല.