മെല്‍ബണ്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ മറ്റൊരു റെക്കോര്‍ഡ് കൂടി തിരുത്തിക്കുറിക്കാനൊരുങ്ങി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ഓസ്ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 23 റണ്‍സ് നേടിയാല്‍ സച്ചിന്റെ റെക്കോര്‍ഡ് കോഹ്ലിയ്ക്ക് മുന്നില്‍ വഴിമാറും. കാന്‍ബെറയിലാണ് മത്സരം.
ഏകദിനത്തില്‍ അതിവേഗം 12,000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്സ്മാനെന്ന നേട്ടമാണ് കോഹ്ലിയെ കാത്തിരിക്കുന്നത്. 309 മത്സരങ്ങളില്‍ നിന്നാണ് സച്ചിന് അത്ഭുത നേട്ടം സ്വന്തമാക്കിയതെങ്കില്‍ കോഹ്ലിയ്ക്ക് 251 മത്സരങ്ങള്‍ മാത്രമാണ് വേണ്ടിവരിക. സച്ചിന് 300 ഇന്നിംഗ്സുകളില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. നാളെ കോഹ്ലി റെക്കോര്‍ഡ് മറികടക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ 242-ാം ഇന്നിംഗ്സിലായിരിക്കും ഈ നേട്ടം.
റെക്കോര്‍ഡ് മറികടക്കുന്നതിന് പുറമെ, 12,000 ഏകദിന റണ്‍സ് നേടുന്ന ആറാമത്തെ താരമായും കോഹ്ലി മാറും. സച്ചിന് ടെണ്ടുൽക്കർ, റിക്കി പോണ്ടിംഗ്, കുമാര്‍ സംഗക്കാര, സനത് ജയസൂര്യ, മഹേല ജയവര്‍ധനെ എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്. നാളെ സെഞ്ച്വറി നേടുകയാണെങ്കില്‍ ഓസീസിനെതിരെ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറി കുറിക്കുന്ന ഇന്ത്യന്‍ താരമെന്ന സച്ചിന്റെ തന്നെ റെക്കോര്‍ഡിനൊപ്പം എത്താനും കോഹ്ലിയ്ക്ക് കഴിയും.