മലപ്പുറം: മെസിയെക്കുറിച്ച് എഴുതാൻ തയ്യാറാകാത്ത നെയ്മർ ആരാധികയായ വിദ്യാർത്ഥിനിയുടെ ചോദ്യപേപ്പർ വൈറലായ സംഭവത്തിൽ വിശദീകരണം തേടി ഡിഡിഇ. നാലാം ക്ലാസ് പരീക്ഷയിൽ മെസിയെക്കുറിച്ചുള്ള ചോദ്യത്തിന് വിദ്യാർത്ഥിനി എഴുതിയ ഉത്തരം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മൂല്യനിർണയത്തിന് മുമ്പ് ഉത്തരക്കടലാസ് എങ്ങനെ പുറത്തുവന്നു എന്നതും അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ മലപ്പുറം ഡിഡിഇ വിശദീകരണം തേടിയിട്ടുണ്ട്. നിലമ്പൂർ, തിരൂർ എ.ഇ.ഒമാരോട് റിപ്പോർട്ട് നൽകാനും ഡി.ഡി.ഇ ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങളിൽ വാർത്ത കണ്ടതിനെ തുടർന്നാണ് നടപടിയെന്ന് ഡി.ഡി.ഇ അറിയിച്ചു.
മെസ്സിയെക്കുറിച്ചുള്ള ചോദ്യത്തിന് താനൊരു ബ്രസീൽ ആരാധികയാണ്, നെയ്മറെയാണ് ഇഷ്ടം, മെസ്സിയെ ഇഷ്ടമല്ല, അതിനാൽ ഉത്തരം എഴുതാൻ പോകുന്നില്ല എന്നാണ് തിരൂർ അത്താണിപ്പടി പുതുപ്പള്ളി ശാസ്താ എഎൽപി സ്കൂളിലെ ചെറിയ ബ്രസീലിയൻ ആരാധികയായ റിസ ഫാത്തിമ എഴുതിയത്. സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ റിസ നാട്ടിൽ താരമായി.