ഇംഫാൽ : മണിപ്പൂരിൽ അക്രമ സംഭവങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി എൻ.ഡി.എയിലെ പ്രധാന ഘടക കക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി ( എൻ.പി.പി). കലാപം നിയന്ത്രിച്ചില്ലെങ്കിൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് എൻ.പി.പി നേതൃത്വം അറിയിച്ചു. ഞങ്ങൾക്ക് കാഴ്ചക്കാരായി നിൽക്കാൻ കഴിയില്ല. ജനങ്ങളെ സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും കടമയാണ്. എന്നാൽ കാര്യക്ഷമമായ ഇടപെടലുകൾ നടക്കുന്നില്ലെന്ന് എൻ.പി.പി വൈസ് പ്രസിഡന്റ് ജോയ്കുമാർ സിംഗ് പറഞ്ഞു, ബി.ജെ.പി കഴിഞ്ഞാൽ ഏഴംഗങ്ങളുള്ള എൻ.പി.പിയാണ് എൻ.ഡി.എയിലെ രണ്ടാമത്തെ കക്ഷി.
കലാപം നിയന്ത്രിക്കുന്നതിൽ അടിയന്തര ഇടപെടൽ തേടി പ്രധാനമന്ത്രിയെ കാണാൻ സംസ്ഥാനത്ത് നിന്നുള്ള പ്രതിപക്ഷ പ്രതിനിധി സംഘം ഡൽഹിയിൽ എത്തിയിരുന്നു. എന്നാൽ മൂന്നുദിവസമായിട്ടും ഇവരെ കാണാനോ സമാധാനാഹ്വാനത്തിനോ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. അതേസമയം പുലർച്ചെ വരെ നീണ്ട ഏറ്റുമുട്ടലാണ് ചുരാചന്ദ്പൂർ, ബിഷ്ണു പുർ ജില്ലകളിലുണ്ടാത്. പലയിടങ്ങളിലും മുന്നൂറോളം വരുന്ന അക്രമിസംഘം സുരക്ഷാ സേനയെ നേരിടുകയായിരുന്നു, റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച് സൈന്യം അക്രമിസംഘങ്ങളെ തുരത്തുകയായിരുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ ശാരദ ദേവിയുടെയും എം.എൽ.എ വിശ്വജിത്ത് സിംഗിന്റെയും വസതികൾ കത്തിക്കാൻ ശ്രമം നടന്നു. സൈന്യത്തിന്റ ആയുധശേഖരവും അക്രമിസംഘം കൊള്ളയടിച്ചു, വെടിക്കോപ്പുകളടക്കം അഞ്ചുലക്ഷത്തോളം ആയുധങ്ങൾ ഇതുവരെ നഷ്ടപ്പെട്ടതായാണ് വിവരം.