കൊച്ചി: കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ നടത്തിയ കലാപശ്രമത്തിൽ പ്രതികരണവുമായി കിറ്റെക്സ് കമ്പനി ചെയർമാൻ സാബു എം ജേക്കബ്. കിറ്റെക്സിലെ തൊഴിലാളികൾക്കെതിരെ സമാന രീതിയിൽ മുൻപൊന്നും കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല. ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ കമ്പനി പൂട്ടിക്കാൻ ശ്രമിക്കുന്നവരുടേതാണെന്നും സാബു ജേക്കബ് പ്രതികരിച്ചു. കേരളത്തിൽ ലഹരി വസ്തുക്കൾ സുലഭമായി ലഭിക്കുന്നുവെന്നും കുറ്റക്കാരെ കണ്ടെത്താൻ സിസിടിവി പരിശോധിച്ചുവരികയാണെന്നും സാബു പറഞ്ഞു.
സാബു എം ജേക്കബിന്റെ പ്രതികരണം;വളരെ യാദൃശ്ചികമായി ഉണ്ടായ ഒരു സംഭവം മാത്രമാണിത്. ഇന്നലെ രാത്രി ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ട് മറ്റു തൊഴിലാളികളുമായി തർക്കമുണ്ടായി. ഒരേ ക്വാട്ടേഴ്സിൽ താമസിക്കുന്ന തൊഴിലാളികൾ രണ്ട് വിഭാഗമായി ചേരിതിരിഞ്ഞാണ് തർക്കം തുടങ്ങിയത്. സെക്യൂരിറ്റി ഇടപെട്ടപ്പോൾ അയാൾക്ക് നേരെ ആക്രമണം ഉണ്ടായി. പിന്നീട് കൂടുതൽ സെക്യൂരിറ്റി വന്നു സൂപ്പർ വൈസേഴ്സ് വന്നു. എല്ലാവരെയും ആക്രമിക്കുന്ന സ്ഥിതി വന്നപ്പോ പൊലീസിനെ വിളിച്ചു. പൊലീസിനെയും അവർ ആക്രമിച്ചു. അന്വേഷണത്തിൽ മനസിലാവുന്നത് ഇവർ എന്തോ മയക്കുമരുന്ന് ഉപയോഗിക്കുന്നതായിട്ടാണ്. അതിന്റെ ലഹരിയിൽ എല്ലാം കൈവിട്ട് ചെയ്യുന്നതായിട്ടാണ് തോന്നുന്നത്. ഇത് ആദ്യ സംഭവമാണ്.
ഇപ്പോൾ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയപരമാണ്. യാഥാർത്ഥ്യം എന്താണെന്ന് മനസിലാക്കുകയാണ് വേണ്ടത്. ആരോപണങ്ങൾക്ക് പിന്നിൽ കമ്പനി പൂട്ടിക്കാൻ ശ്രമിക്കുന്നവരാണ്. കമ്യൂണിസ്റ്റുകാരുടെയും എസ്ഡിപിഐക്കാരുടെയും ചെയ്തികളാണ് ഇതിന് പിന്നിൽ. കഴിഞ്ഞ എട്ട് പത്ത് വർഷത്തെ ചരിത്രം പരിശോധിക്കുക. ലഹരി ഉപയോഗിച്ചെന്നോ നാട്ടുകാരെ ഉപയോഗിച്ചെന്നോ ഉള്ള കേസുകളില്ല, പൊലീസ് റെക്കോർഡുകളില്ല. ലഹരി സുലഭമായി ഇവിടെ കിട്ടുന്നുവെന്ന കാര്യം ആരും എന്താണ് ആലോചിക്കാത്തത്. ലഹരി എത്തിക്കാൻ കേരളത്തിലെല്ലാ സ്ഥലത്തും സൗകര്യമുണ്ട്. ക്യാമറകൾ പരിശോധിക്കുകയാണ്, കുറ്റവാളികൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കും.
