
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തതായി ആരോപണം. തദ്ദേശതെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് പയ്യന്നൂര്‍ നഗരസഭയിലെ 44-ാം വാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ക്കപ്പെട്ടത്. മുങ്ങം ജുമാ മസ്ജിദിനടുത്തുള്ള ഓഫീസാണ് ബൈക്കുകളിലെത്തിയ പതിനഞ്ചോളം വരുന്ന സംഘം അടിച്ചു തകര്‍ത്തത്.
അക്രമികള്‍ കമ്മിറ്റി ഓഫീസിനടുത്തേക്ക് പോകുന്നതും അതിക്രമം നടത്തുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ യുഡിഎഫ് 44-ാം വാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്കി. 12 സി പി എം പ്രവര്‍ത്തകര്‍ക്ക് എതിരെ പോലീസ് കേസെടുഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിന് നേരെയും ആക്രമണം ഉണ്ടായി. യുഡിഎഫ് സ്ഥാനാര്‍ഥി പി കെ സുരേഷിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന് നേരെ സ്ഫോടക വസതു എറിയുകയായിരുന്നു.
രാമന്തളിയില്‍ മഹാത്മ സ്മാരക കള്‍ച്ചറല്‍ സെന്ററിലെ ഗാന്ധി ശില്പത്തിന് നേരെയും അക്രമം ഉണ്ടായി. ഗാന്ധി ശില്പത്തിന്റെ മൂക്കും കണ്ണടയും തകര്‍ത്തു. ഇന്ന് രാവിലെയാണ് ശില്പം ഭാഗികമായി തകര്‍ത്തത് സമീപവാസികളുടെ ശ്രദ്ധയില്‍ പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിനുപിന്നാലെ സംസ്ഥാനത്താകെ വ്യാപകമായി ചെറിയ തോതില്‍ അക്രമസംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്.


