
മനാമ: താമസ – കുടിയേറ്റ നിയമം ലഘിച്ചവരെ കണ്ടെത്താൻ ഒക്ടോബർ മുതൽ ഡിസംബർ വരെ നടത്തിയ പരിശോധനയുടെ വിശദാംശങ്ങളാണ് അധികൃതർ പുറത്തുവിട്ടത്. 5,300 വിദേശ തൊഴിലാളികളെ പിടി കൂടുകയും ഇവരെ നാടു കടത്തുകയും ചെയ്തു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് എന്നിവ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഈ കാലയളവിൽ 7,153ലധികം പരിശോധനകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. 731 ക്രിമിനൽ നിയമലംഘനങ്ങൾ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. തൊഴിലുടമകൾ നടത്തിയ 257ഉം തൊഴിലാളികൾ നടത്തിയ 474ഉം നിയമലംഘനങ്ങൾ ഉൾപ്പെടെയാണിത്. ഇതേ കാലയളവിൽ 62 നിർബന്ധിത തൊഴിൽ കേസുകൾ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും എൽ.എം.ആർ.എ അറിയിച്ചു. നിയമലംഘനങ്ങളിൽ ആകെ 2,53,000 ദീനാർ പിഴ ഈടാക്കി. അനധികൃത തൊഴിലാളികളെയും മറ്റു നിയമലംഘനങ്ങളും കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് എൽ.എം.ആർ.എ ഊർജിത പരിശോധനയാണ് നടത്തിവരുന്നത്. മനുഷ്യക്കടത്തും നിർബന്ധിത തൊഴിലും തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
2021ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് പരിശോധനയുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ 33 ശതമാനം വർധനയുണ്ടായി. മറ്റു സർക്കാർ അതോറിറ്റികളുമായി സഹകരിച്ച് നടത്തിയ സംയുക്ത പരിശോധനയിൽ 66 ശതമാനം വർധനയുമുണ്ടായി. ഉയർന്ന ഉൽപാദനക്ഷമതയും സുതാര്യതയും മത്സരക്ഷമതയും ഉറപ്പാക്കുന്ന തൊഴിൽ അന്തരീക്ഷം നിലനിർത്തുകയാണ് ലക്ഷ്യമെന്ന് എൽ.എം.ആർ.എ വ്യക്തമാക്കി.
തൊഴിൽ വിപണിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ www.lmra.bh എന്ന വെബ്സൈറ്റ് മുഖേനയോ 17506055 എന്ന കാൾ സെന്റർ വഴിയോ അറിയിക്കണമെന്ന് എൽ.എം.ആർ.എ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. 17077077 എന്ന നമ്പറിലോ www.npra.gov.bh എന്ന വെബ്സൈറ്റ് വഴിയോ എൻ.പി.ആർ.എ അധികൃതരെയും വിവരം അറിയിക്കാവുന്നതാണ്. ദേശീയ പരാതി സംവിധാനമായ ‘തവാസുൽ’ വഴിയും പരാതി നൽകാം.
