മനാമ: നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന ടൂറിസം വസ്തു ഉടമകൾക്കും ഓപറേറ്റർമാർക്കും കടുത്ത ശിക്ഷകളും കനത്ത പിഴയും ഏർപ്പെടുത്തി ബഹ്റൈൻ ടൂറിസം. ഏഴ് റസ്റ്റാറന്റുകളുടെ ടൂറിസം ലൈസൻസ് പിൻവലിക്കാൻ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു ഉത്തരവിട്ടു. ടൂറിസം നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ രണ്ടുമാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്. അമൂർ 338, അഷാഷ്, പോളിഫാർഡ്, പോസാനോഫ, ടാംഗോ 338, എർതി ബ്ലാക്ക് ലോഞ്ച്, സിംഫണി എന്നീ റസ്റ്റാറന്റുകളുടെ ടൂറിസം ലൈസൻസാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.ടൂറിസം സംബന്ധിച്ച 1986ലെ നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് ഹമദ് രാജാവ് ഉത്തരവിറക്കിയിരുന്നു. നിയമം ലംഘിച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ കാറ്റഗറി തരംതാഴ്ത്തുക, അടച്ചുപൂട്ടുക, ലൈസൻസ് റദ്ദാക്കുക അടക്കമുള്ള ശിക്ഷകളാണ് നൽകുന്നത്. കൂടാതെ ഉടമകൾക്ക് ആറുമാസം വരെ തടവും പരമാവധി 30,000 ദീനാറിന്റെ പിഴയും ചുമത്താമെന്നും പുതിയ നിയമ ഭേദഗതിയിൽ പറയുന്നു. നിയമലംഘകർക്കെതിരെ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) നടപടിയെടുക്കും.
പരാതികളുണ്ടെങ്കിൽ പ്രത്യേക കോടതിയിൽ അപ്പീൽ നൽകാം. നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ ബി.ടി.ഇ.എക്ക് ഇനി പറയുന്ന ശിക്ഷകൾ ചുമത്താം. ആദ്യം രേഖാമൂലമുള്ള മുന്നറിയിപ്പായിരിക്കും നൽകുക. സ്ഥാപനത്തിന് ടൂറിസ്റ്റ് സൗകര്യത്തിന്റെ അടിസ്ഥാനത്തിൽ നൽകിയിട്ടുള്ള കാറ്റഗറി തരംതാഴ്ത്തുകയാണ് അടുത്ത നടപടി. മൂന്നുമാസത്തിൽ കൂടാത്ത കാലയളവിലേക്ക് ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യുക, സ്ഥാപനം അടച്ചുപൂട്ടുക എന്നിവയും ഗൗരവമുള്ള ലംഘനങ്ങൾക്ക് ശിക്ഷയായി വിധിക്കാം. നിയമലംഘനത്തിന്റെ കാരണങ്ങൾ തിരുത്തുന്നതുവരെ പ്രതിദിനം 100 ദീനാർ എന്ന തോതിൽ പിഴയീടാക്കാം.
തീരുമാനം പുറപ്പെടുവിച്ച തീയതി മുതൽ മൂന്നുവർഷത്തിനുള്ളിൽ അതേ ലംഘനം ആവർത്തിക്കുകയാണെങ്കിൽ പ്രതിദിനം 200 ദീനാർ എന്ന തോതിൽ പിഴയീടാക്കാം. മൊത്തം പിഴ 20,000 ദീനാറിൽ കവിയാൻ പാടില്ലെന്നും ഭേദഗതിയിൽ പറയുന്നു.