
മനാമ: ബഹ്റൈനിലെ ബുരി ഗ്രാമത്തെ ആധുനിക നഗരമാക്കിമാറ്റാനുള്ള പദ്ധതിയെ ഗ്രാമവാസികള്‍ സ്വാഗതം ചെയ്തു.
നഗര ആസൂത്രണ വികസന അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഹമ്മദ് അല്‍ ഖയ്യാത്തുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഗ്രാമവാസികള്‍ പദ്ധതിയെ സ്വാഗതം ചെയ്തത്. ബുരി സെമിത്തേരിയുടെ കിഴക്കന്‍ ഭാഗം, ഐന്‍ ഹുവിസ് പള്ളി എന്നിവ ഉള്‍പ്പെടെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഖയ്യാത്ത് ഗ്രാമീണര്‍ക്ക് ഉറപ്പു നല്കി.
പദ്ധതിയുടെ പകുതി ഭാഗം കൃഷിഭൂമിക്കായി മാറ്റിവെച്ചിട്ടുണ്ടെന്നും ഇത് പ്രദേശത്തിന്റെ കാര്‍ഷിക തനിമ സംരക്ഷിക്കാന്‍ സഹായിക്കുമെന്നും ഡോ. മുനീര്‍ സറൂര്‍ എം.പി. അറിയിച്ചു. ഇവിടെ നിര്‍മ്മിക്കുന്ന സെന്‍ട്രല്‍ മാര്‍ക്കറ്റിലും ഭവന നിര്‍മ്മാണത്തിനും കൃഷിക്കുമായി ഭൂമി അനുവദിക്കുന്നതിലും പ്രദേശവാസികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കിംഗ് ഹമദ് മെട്രോ സ്റ്റേഷന്, ആധുനിക ലോജിസ്റ്റിക്സ് സോണ്‍, ബഹ്റൈനിലെ ഏറ്റവും വലിയ സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവ വികസന പദ്ധതിയില്ഉള്പ്പെടുന്നു.
