കോഴിക്കോട്: ന്യൂനപക്ഷ വര്‍ഗീയത സംബന്ധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയ രാഘവന് നടത്തിയ പരാമര്‍ശം വിവാദത്തില്‍. മുക്കത്ത് നടന്ന വികസന മുന്നേറ്റ ജാഥയിലാണ് വിജയരാഘവന്റെ പരാമര്‍ശം. ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും വലിയ വര്‍ഗീയതയെന്നും ഇതിനെ തോല്‍പ്പിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും വിജയരാഘവന് പറഞ്ഞു.
‘ ന്യൂനപക്ഷ വര്‍ഗീയതയെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കാന്‍ കഴിയുമോ? അത് ഭൂരിപക്ഷ വര്‍ഗീയതയുടെ അക്രമപ്രവര്‍ത്തനങ്ങളെ ന്യായീകരിക്കില്ലേ? ഏറ്റവും തീവ്രമായ വര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയതയല്ലേ,’ വിജയ രാഘവന് പറഞ്ഞു. മുക്കത്ത് വികസന മുന്നേറ്റ ജാഥയ്ക്ക് നല്കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കവെയാണ് വിവാദ പരാമര്‍ശം.
എന്നാല്‍ മാധ്യമങ്ങള്‍ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും അത്തരത്തിലൊരു പരാമര്‍ശം തന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും വിജയരാഘവന് പറഞ്ഞു.