ചെന്നൈ: തമിഴ് നടൻ വിജയ് തന്റെ മാതാപിതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്തു. തന്റെ പേരും ചിത്രവും ഉപയോഗിച്ച് പൊതുജനങ്ങളെ കൂട്ടുന്നതിനും രാഷ്ട്രീയ യോഗങ്ങൾ സംഘടിപ്പിക്കുന്നതിലും നിന്ന് പിതാവ് എസ്.എ.ചന്ദ്രശേഖർ, മാതാവ് ശോഭ എന്നിവരുൾപ്പെടെയുള്ള 11 പേരെയും വിലക്കണമെന്നാണ് നടൻ വിജയ്യുടെ ഹർജി.
വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്ന് പിതാവും സംവിധായകനുമായ എസ്എ ചന്ദ്രശേഖർ അവകാശപ്പെട്ടതോടെയാണ് പ്രശ്നം ആരംഭിച്ചത്. കൂടാതെ വിജയുടെ പേരിൽ ഒരു പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള നടപടികളും സ്വീകരിച്ചു. എസ്.എ. ചന്ദ്രശേഖർ ‘വിജയ് മക്കൾ ഇയക്കം’ എന്ന പേരിലാണ് സംഘടന ആരംഭിച്ചത്. ചന്ദ്രശേഖർ ജനറൽ സെക്രട്ടറിയും ശോഭ ട്രഷററും ബന്ധു പത്മനാഭൻ പ്രസിഡന്റുമാണ്.
പിതാവിന്റെ രാഷ്ട്രീയ പാർട്ടിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെ, പാർട്ടിയുമായി തനിക്ക് ബന്ധമില്ലെന്നു വ്യക്തമാക്കി വിജയ് പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. സെപ്റ്റംബർ 27 ന് കേസ് പരിഗണിക്കും.
