കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ നടനും നിർമ്മാതാവുമായ വിജയ് ബാബു ഉടൻ കേരളത്തിൽ എത്തും. നടൻ ജോർജിയയിൽ നിന്ന് ദുബായിൽ തിരിച്ചെത്തി. നാളെ വൈകുന്നേരത്തിനകം നാട്ടിൽ എത്തിക്കാൻ പോലീസ് നടപടി ആരംഭിച്ചു. വിജയ് ബാബുവിനെ പ്രത്യേക യാത്രാ രേഖ നൽകി കേരളത്തിലേക്ക് കൊണ്ടുവരും.
വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയ സാഹചര്യത്തിലാണ് കേരളത്തിലെത്തിക്കാൻ പോലീസ് ഇടപെടുന്നത്. ഇതിനായി കൊച്ചി പോലീസ് ദുബായിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു.
കേരളത്തിൽ എത്താനുള്ള ടിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കൂ എന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. കേസിൽ വിശദീകരണം നൽകാൻ ഹർജിക്കാരൻ ഇന്ത്യയിൽ ഉണ്ടോ എന്നും കോടതി ചോദിച്ചു. തുടർന്നാണ് കേസുമായി സഹകരിക്കാമെന്ന് പറഞ്ഞ വിജയ് ബാബു ഏത് ദിവസം വേണമെങ്കിലും കോടതിയിലോ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെയോ ഹാജരാകാൻ തയ്യാറാണെന്ന് അറിയിച്ചത്.
പോലീസ് സംഘം ജോർജിയയിലേക്ക് പോകുന്നത് പരിഗണിക്കുന്നതിനിടെയാണ് വിജയ് ബാബു ദുബായിൽ മടങ്ങിയെത്തിയത്. ജോർജിയയിലെ ഇന്ത്യൻ എംബസി മുഖേന അവിടുത്തെ വിമാനത്താവളങ്ങൾക്കും അതിർത്തി ചെക്പോസ്റ്റുകൾക്കും പോലീസ് വിവരങ്ങൾ കൈമാറിയിരുന്നു. അതിനിടെ നാട്ടിലെത്തിയില്ലെങ്കിൽ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കുമെന്നും പോലീസ് അറിയിച്ചിരുന്നു.
