ബീഹാർ: മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ വീട്ടിലും ഓഫിസിലും വിജിലന്‍സ് നടത്തിയ റെയ്ഡില്‍ പിടികൂടിയത് മൂന്നു കോടിയിലധികം വിലവരുന്ന പണവും വസ്തുവകകളും. സംഭവത്തില്‍ ബിഹാറിലെ ഡ്രഗ് ഇന്‍സ്പെക്ടര്‍ ജിതേന്ദ്ര കുമാറിനെതിരെ വെള്ളിയാഴ്ച അനധികൃത സ്വത്ത് സമ്ബാദനത്തിന് വിജിലന്‍സ് കേസെടുത്തു. 2011 ല്‍ ആണ് ഇദ്ദേഹം സര്‍വീസില്‍ കയറിയത്.
ഇദ്ദേഹത്തിന്റെ ഓഫിസിലും മറ്റും നടത്തിയ റെയ്ഡില്‍ ഒരു കിലോയിലധികം വരുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങളും അഞ്ച് ആഡംബര വാഹനങ്ങളും ബിനാമി സ്വത്ത് രേഖകളും, പണവും ശനിയാഴ്ച പിടിച്ചെടുത്തതായി സംസ്ഥാന വിജിലന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍(VIB) അറിയിച്ചു. കഴിഞ്ഞദിവസം പകല്‍ മുഴുവനും റെയ്ഡ് നടത്തിയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ജെഹാനാബാദിലെ ഘോന്സിയിലുള്ള ഇന്‍സ്പെക്ടറുടെ വീട്, ഗയ ടൗണിലെ ഫ്ളാറ്റുകള്‍, ദനാപൂരിലെ ഫാര്‍മസി കോളജ്, പട്ന സിറ്റിയില്‍ പുതുതായി നിര്‍മിച്ച വീട് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയതെന്നും വിഐബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ പട്നയില്‍ ജോലി ചെയ്യുന്ന കുമാര്‍ ഒരു ഫാര്‍മസി കോളജും നടത്തുന്നുണ്ട്.
