തിരുവനന്തപുരം: പൊലീസിൽ നായക്കുഞ്ഞുങ്ങളെയും അവയ്ക്കുള്ള തീറ്റയും മരുന്നും വാങ്ങിയതിലും ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തൽ. തൃശൂർ കേരള പൊലീസ് അക്കാഡമിയിലെ സ്റ്റേറ്റ് ഡോഗ് ട്രെയിനിംഗ് സ്കൂളിലേയ്ക്ക് നായക്കുഞ്ഞുങ്ങളെ വാങ്ങിയതിലാണ് തിരിമറി നടന്നതായി കണ്ടെത്തിയത്. സംഭവത്തിൽ ഡോഗ് സ്ക്വാഡ് നോഡൽ ഓഫീസറും കെ എ പി മൂന്നാം ബറ്റാലിയനിലെ അസിസ്റ്റന്റ് കമാൻഡന്റുമായ എ എസ് സുരേഷിനെ സസ്പെൻഡ് ചെയ്തു.നായക്കുഞ്ഞുങ്ങളെ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ രഹസ്യാന്വേഷണം നടത്തിയ വിജിലൻസ് കഴിഞ്ഞവർഷം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തിൽ നിന്ന് നായകൾക്ക് വേണ്ടി ഉയർന്ന നിരക്കിലാണ് സാധനങ്ങൾ വാങ്ങിയിരുന്നത്.
കൂടാതെ ഉയർന്ന നിരക്കിൽ ഉത്തരേന്ത്യയിൽ നിന്ന് നായകളെ വാങ്ങിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മറ്റ് സേനകൾ വാങ്ങുന്നതിനേക്കാൾ ഉയർന്ന നിരക്കിലാണ് പഞ്ചാബിൽ നിന്നും രാജസ്ഥാനിൽ നിന്നും നായക്കുഞ്ഞുങ്ങളെ വാങ്ങിയത്.അക്കാഡമിയിലെ നായകളെ ചികിത്സിക്കുന്നതിന് അസിസ്റ്റന്റ് കമാൻഡന്റ് എ എസ് സുരേഷ് പ്രത്യേക താത്പര്യമെടുത്ത് ജില്ലാ ലാബ് ഓഫീസറെ നിയോഗിച്ചതായും രഹസ്യാന്വേഷണത്തിൽ കണ്ടെത്തി. എ എസ് സുരേഷിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി ആഭ്യന്തരവകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.