തിരുവനന്തപുരം: എസ്എൻഡിപി യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പു കേസില്‍ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പരാതിയെ തുടർന്നു റജിസ്റ്റർ ചെയ്ത കേസാണിത്. കേസ് അവസാനിപ്പിക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ വിഎസിന് വിജിലന്‍സ് നോട്ടിസ് നൽകി.
വ്യാജ സ്വയം സഹായ സംഘങ്ങളുടെ പേരിൽ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കി കേരള പിന്നാക്ക വിഭാഗ വികസന കോർപറേഷൻ (കെഎസ്ബിസിഡിസി) ഉദ്യോഗസ്ഥരുടെ ഒത്താശയോടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്റ് എൻ.സോമൻ, മൈക്രോഫിനാൻസ് കോഓർഡിനേറ്റർ കെ.കെ.മഹേശൻ എന്നിവർ കെഎസ്ബിസിഡിസിയുടെ മൈക്രോ ഫിനാൻസ് പദ്ധതി വഴി പിന്നാക്കവിഭാഗങ്ങൾക്കുള്ള വായ്പ ചെറിയ പലിശയ്ക്കു നേടി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നായിരുന്നു പരാതി.