കൊച്ചി: ലൈംഗികാതിക്രമത്തിന് ഇരയാകുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ അതിജീവനത്തിനും പോക്സോ കേസിലെ കുറ്റവാളികള്‍ക്ക് സൈക്കോ തെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കുന്നതിനും നിര്‍ദേശം പുറപ്പെടുവിച്ച് ഹൈക്കോടതി. ബന്ധപ്പെട്ട സംസ്ഥാന അധികാരികള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിക്ടിം റൈറ്റ്സ് സെന്റര്‍ (വിആര്‍സി) പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ അഡ്വ. എ പാര്‍വതി മേനോന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം പുറപ്പെടുവിച്ചത്. ഇരകളെ കൈകാര്യം ചെയ്യുന്നതും ചികിത്സിക്കുന്നതും സംബന്ധിച്ച് അധ്യാപകരെയും ജീവനക്കാരെയും പരിചരിക്കുന്നവരെയും ബോധവത്കരിക്കുന്നതിന് എല്ലാ സ്കൂളുകള്‍ക്കും കെയര്‍ ഹോമുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോടും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോടും കോടതി നിര്‍ദ്ദേശിച്ചു.
കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ (കെല്‍സ) മെമ്പര്‍ സെക്രട്ടറിയുമായും വിആര്‍സിയുടെ പ്രോജക്ട് കോഓര്‍ഡിനേറ്ററുമായും കൂടിയാലോചിച്ച് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കണം.
സ്കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ലൈംഗികാതിക്രമത്തിന് ഇരയായവരെ തിരിച്ചറിയുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കണം.
ഇത്തരം കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അന്തേവാസികള്‍ക്ക് ആവശ്യമെങ്കില്‍ തീവ്രമായ സൈക്കോ തെറാപ്പി, മാനസിക ചികിത്സ എന്നിവ നല്‍കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കാന്‍ കെല്‍സ സംസ്ഥാന ആരോഗ്യ സേവന വകുപ്പ്, സംസ്ഥാന സാമൂഹിക നീതി വകുപ്പ് എന്നിവയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പുമായും കെല്‍സയുമായും കൂടിയാലോചിച്ച് ഒരു സ്കീം രൂപീകരിക്കാന്‍ സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുനരധിവാസവും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരുടെ പുനഃസംയോജനം സാധ്യമാക്കുന്നതുമായ ഒരു സാധാരണ ജീവിതം കെട്ടിപ്പെടുക്കുന്ന തരത്തിലുള്ളതാവണം ഈ പ്രവര്‍ത്തനങ്ങളെല്ലാം. പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച 19കാരന്റെ കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇത്തരം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മയക്കുമരുന്നിനടിമയായ സഹോദരന്റെ അക്രമാസക്തമായ പെരുമാറ്റം മൂലമാണ് സഹോദരനെതിരെ ഇത്തരം ഒരു വ്യാജപരാതി നല്‍കിയതെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന് വാദിച്ചു. എന്നാല്‍ കുറ്റം തെളിഞ്ഞതാണെന്നും അതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നും പ്രോസിക്യൂഷനും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വിആര്‍സിയുടെ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ അഡ്വക്കേറ്റ് മേനോന്റെ സഹായം കോടതി തേടിയത്. ഇത്തരം കേസുകളില്‍ എന്ത് തരത്തിലുള്ള പുനരുജ്ജീവനം നടത്താം എന്നതായിരുന്നു കോടതി ആരാഞ്ഞത്. ഇതേത്തുടര്‍ന്നാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
സഹോദരനെതിരെ പരാതിയ നല്കിയതിനാല് പെണ്‍കുട്ടി മാനസികമായി തളര്‍ന്നെന്നും പരാതിക്കാരിയും കുറ്റവാളിയും ഒരേ കുടുംബത്തിലുള്ളവരാണെന്ന് കണക്കാക്കി കോടതി ഒടുവില്‍ ജാമ്യം അനുവദിക്കുകയായിരുന്നു. അതോടൊപ്പം സെക്സ് തെറാപ്പി, സൈക്കാട്രിക് ചികിത്സ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ പരിചരണം എന്നിവ രണ്ട് പേര്‍ക്കും നല്‍കാനും കുടുംബ ബന്ധം നിലനിര്‍ത്താനും കോടതി നിര്‍ദേശിച്ചു. 2023 മെയ് മുതല്‍ പെണ്‍കുട്ടിയുടെ സഹോദരന് ജയിലിലാണ്.