കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ 10.15ന് ജാമ്യാപേക്ഷയിൽ വിധി പറയും.ദിലീപിനു പുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവരാണ് മുൻകൂർ ജാമ്യ ഹർജി നൽകിയിരുന്നത്.
ഇന്നലെ പ്രതിഭാഗം നടത്തിയ ശക്തമായ വാദങ്ങളെ തെളിവുകൾ നിരത്തി ഖണ്ഡിക്കാനായിരുന്നു ഇന്ന് വാദം ആരംഭിച്ചതുമുതൽ പ്രോസിക്യൂഷൻ ശ്രമിച്ചത്. അസാധാരണ കേസാണിതെന്നും ഇപ്പോൾ കോടതിയുടെ മുന്നിലുള്ള കേസ് മാത്രമല്ല പരിഗണിക്കേണ്ടതെന്നും പ്രതിയുടെ ചരിത്രം പരിശോധിക്കണമെന്നും ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ (ഡി ജി പി) കോടതിയിൽ പറഞ്ഞു.പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ നിരത്തിയിട്ടുണ്ട്. ബൈജു പൗലോസിന് ഈ കേസിന്റെ അന്വേഷണത്തിൽ യാതൊരു റോളുമില്ല.ബൈജു പൗലോസിന് ബാലചന്ദ്രകുമാറിനെ മുൻ പരിചയമില്ല. പ്രതി ക്വട്ടേഷൻ നൽകിയത് സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാനാണ്. നിയമനിർമ്മാതാക്കൾ പോലും ആലോചിക്കാത്ത കുറ്റമാണ് പ്രതി ചെയ്തതെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.
ലഭിച്ച ഒരു കത്തിന്റെ അടിസ്ഥാനത്തിലാണ് തുടർ അന്വേഷണം പ്രഖ്യാപിച്ചത്. എ ഡി ജി പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തിൽ പ്രോസിക്യൂഷന് ഭയമില്ല. കേസ് പരാജയപ്പെടുന്നുവെന്ന പ്രതിഭാഗത്തിന്റെ ആരോപണം നിലനിൽക്കില്ല.ഗൂഢാലോചനയ്ക്ക് തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ബാലചന്ദ്രകുമാർ വിശ്വസ്തനായ ഒരു സാക്ഷിയാണ്. അതുകൊണ്ടുതന്നെ കൊലപാതക ഗൂഢാലോചനയും തുടർനടപടികളും ഉണ്ടായി എന്ന് വിശ്വസിക്കാം എന്നും ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ പറഞ്ഞു.ബാലചന്ദ്രകുമാർ കണ്ടും കേട്ടതുമായ കാര്യങ്ങൾ മനസിൽവയ്ക്കുകയല്ല. കണ്ടറിഞ്ഞ കാര്യങ്ങളെല്ലാം അയാൾ ഭാര്യയുമായി പങ്കുവച്ചിരുന്നു. ഇക്കാര്യങ്ങൾ പുറത്തു പോയാൽ നമ്മളെയെല്ലാം ദിലീപ് കൊല്ലുമെന്ന് ഭയപ്പെടുകയാണ് ബാലചന്ദ്രകുമാറിന്റെ ഭാര്യ ചെയ്തതെന്ന് അയാളുടെ മൊഴിയിലുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ മൊഴികൊണ്ടുമാത്രം പ്രതിയെ ശിക്ഷിക്കാനാവുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇതിന് തെളിവായി സുപ്രീംകോടതിയുടെ ഉത്തരവുകളും ഡി ജി പി കോടതിയിൽ വാദിച്ചു.
നിലവില്‍ ഇതുവരെ പുറത്തുവരാത്ത മൂന്നു കാര്യങ്ങള്‍ കൂടി പ്രോസിക്യൂഷന് ഉന്നയിച്ചു. ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഒരു ഗ്രൂപ്പിലിട്ടു തട്ടണമെന്ന് ദിലീപ് അനൂപിനോട് പറഞ്ഞു. ഇതിന്റെ ഓഡിയോ ക്ലിപ്പുണ്ട്. ആലുവ പൊലീസ് ക്ലബിനു മുന്നിലൂടെ പോകുമ്പോള്‍ എല്ലാവരെയും കത്തിക്കണമെന്നു പറഞ്ഞു. എ.വി.ജോര്‍ജിനും ബി.സന്ധ്യക്കും ഓരോ പൂട്ടു മാറ്റിവച്ചിട്ടുണ്ടെന്ന് ദിലീപ് പറഞ്ഞു. ഇതിന്റെയെല്ലാം ഓഡിയോ ക്ലിപ്പുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ വ്യവസായി സലീമിനെ മൊഴിമാറ്റാനായി 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.ഫോണുകൾ ഒറ്റയടിക്ക് മാറിയത് തന്നെ പ്രതികളുടെ ആസൂത്രിത നീക്കത്തിന് തെളിവാണ്. കൂടുതൽ തെളിവുകളും മൊഴികളും തങ്ങളുടെ പക്കൽ ഉണ്ട്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
മറുപടി വാദത്തിൽ കുറ്റസമ്മതം നടത്താൻ പൊലീസ് ആവശ്യപ്പെട്ടെന്ന് ദിലീപിന്റെ അഭിഭാഷകർ പറഞ്ഞു. അന്വേഷണവുമായി പൂർണമായും സഹകരിച്ചിട്ടുണ്ട്. പൊലീസിന് ദിലീപിനോടുള്ള വിരോധം മനസിലാകും. എന്നാൽ ഡി ജിപിക്ക് എന്തിനാണ് വിരോധം. ഡി ജി പി പൊലീസുകാരുടെ കോളാമ്പി ആകരുതെന്നും അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ പറഞ്ഞു. ബാലചന്ദ്രകുമാർ കെട്ടിച്ചമച്ച തിരക്കഥയുടെ പൂർത്തീകരണമാണ് ഈ കേസെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.കേസിനെക്കുറിച്ച് എന്തെങ്കിലും എഴുതി നൽകണമെങ്കിൽ നാളെ രാവിലെ നൽകണമെന്നും കോടതി പ്രതിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
