
മനാമ: മയക്കുമരുന്ന് ഉപയോഗിച്ച കേസിലും അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ആറു പേര് മരിക്കാനിടയായ കേസിലും തടവുശിക്ഷ വിധിക്കപ്പെട്ട ബഹ്റൈന്‍ സ്വദേശിയുടെ അപ്പീലുകളില്‍ അപ്പീല്‍ കോടതി ഓഗസ്റ്റ് 14ന് വിധി പറയും.
മയക്കുരുന്ന് ഉപയോഗിച്ച കേസില്‍ മൂന്നു വര്‍ഷം തടവും അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികളും അവരുടെ മകനും മൂന്നു ബന്ധുക്കളും മരിച്ച കേസില്‍ ആറു വര്‍ഷം തടവുമാണ് ഇയാള്‍ക്ക് വിധിച്ചത്.
വിധി റദ്ദാക്കണമെന്നും തന്റെ കക്ഷിയെ കുറ്റവിമുക്തനാക്കണമെന്നും വാദം കേള്‍ക്കല്‍ വേളയില്‍ പ്രതിഭാഗം അഭിഭാഷകന് അഹമ്മദ് തൗഖ് ആവശ്യപ്പെട്ടു. പ്രാരംഭ വിധിക്ക് ശക്തമായ തെളിവിന്റെയും യുക്തിയുടെയും പിന്‍ബലമില്ലെന്നും അദ്ദേഹം വാദിച്ചു. പ്രതിയുടെ മൂത്ര സാമ്പിളില്‍ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടിലില്ല. ഇല്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിച്ചതെന്നും അന്വേഷണ പ്രക്രിയയില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടായെന്നും അഭിഭാഷകന് വാദിച്ചു.
കഞ്ചാവിന്റെ അംശമടങ്ങിയ ഒരു പ്ലാസ്റ്റിക് ബാഗ് കണ്ടെത്തിയതായി കേസ് ഫയലില്‍ പറയുന്നുണ്ടെങ്കിലും അത് പ്രതിയുടേതാണെന്ന് തെളിയിക്കാനായിട്ടില്ലെന്നും തൗഖ് വാദിച്ചു.
