ന്യൂഡൽഹി: ഐ.സി.സി.യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ പതിമൂന്നാമത് പതിപ്പാണ് ക്രിക്കറ്റ് ലോകകപ്പ് 2023. 2013-ൽ ലണ്ടനിൽ ചേർന്ന യോഗത്തിൽ ആണ് ഇന്ത്യയെ 2023 ലോകകപ്പിന്റെ ആതിഥേയരായി അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ മാത്രമായി നടക്കുന്ന രണ്ടാമത് ഏകദിന ക്രിക്കറ്റ് ലോകകപ്പാണിത്.
2023 ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 ഒക്ടോബർ 5 മുതൽ നവംബർ 19 വരെയാണ് ഇന്ത്യയിൽ നടക്കുന്നത്. ആകെ 10 ടീമുകൾ ആണ് വരാനിരിക്കുന്ന ലോകകപ്പിൽ പങ്കെടുക്കുന്നത്. ലോകകപ്പിൽ ആതിഥേയരായ ഇന്ത്യയ്ക്കൊപ്പം അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലാൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. 2020-2023 ഐസിസി ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ ലീഗിലെ പ്രകടനത്തിലൂടെയാണ് ഈ ടീമുകൾ തങ്ങളുടെ സ്ഥാനങ്ങൾ നേടിയത്. ശേഷിക്കുന്ന രണ്ട് ടീമുകളെ സിംബാബ്വെയിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെ തീരുമാനിക്കും.
ലോകകപ്പിലെ 48 മത്സരങ്ങളും 10 വേദികളിലായിട്ടാണ് നടക്കുന്നത്. ഏകദിന ക്രിക്കറ്റിന്റെ മുൻനിര ടൂർണമെന്റ് നാലാം തവണയും, 2011-ൽ സ്വന്തം തട്ടകത്തിൽ ടീം ഇന്ത്യയുടെ അഭിമാനകരമായ ലോകകപ്പ് വിജയത്തിന് ശേഷമുള്ള ആദ്യത്തേതുമാണ്. ചെന്നൈ, ഡൽഹി, അഹമ്മദാബാദ്, പൂനെ, ധർമ്മശാല, ലഖ്നൗ, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്നത്.