ആലപ്പുഴ: വിദ്വേഷ പ്രസംഗക്കേസില്‍ റിമാന്‍ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ജനപക്ഷം നേതാവ് പി സി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വാര്‍ത്താ പുരുഷനാകാനാണ് പി സി ജോര്‍ജിന്റെ ശ്രമമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. നുണ പറയാനും ഭക്ഷണവും കഴിക്കാന്‍ മാത്രമാണ് പി സി ജോര്‍ജ് വാ തുറക്കുന്നത്. മത സൗഹാര്‍ദ്ദത്തെപ്പറ്റി പറയാന്‍ പി സി ജോര്‍ജിന് അവകാശമില്ല. മരുമകളെ ക്രിസ്ത്യാനിയാക്കി പേര് മാറ്റിയ ആളാണ് പി സി ജോര്‍ജെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
‘തീ തുപ്പുന്ന പ്രസ്താവനയാണ് പി സി നടത്തിയത്. അഹങ്കാരത്തിന്റെ ആള്‍രൂപമാണ് പി സി ജോര്‍ജ്. ബിജെപി പാളയത്തില്‍ എത്തിയതുകൊണ്ട് ബിജെപിക്ക് ലാഭമുണ്ടാകില്ല. ചാടി ചാടി പോകുന്ന നേതാവാണ് പി സി. മാധ്യമങ്ങള്‍ പി സിയെ വളര്‍ത്തി.
ആലപ്പുഴയില്‍ കുട്ടിയേക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച സംഭവം ഉണ്ടാകാന്‍ പാടില്ലാത്തത്. വിഷം തുപ്പുന്ന മുദ്രാവാക്യങ്ങളുണ്ടായി. രണ്ട് സമുദായത്തെ നശിപ്പിക്കുമെന്ന മുദ്രാവാക്യം മാന്യമായില്ല. മുദ്രാവാക്യം കേരളത്തിനും ആലപ്പുഴയ്ക്കും അപമാനകരമായി. കുട്ടി നിഷ്കളങ്കനാണ്, അവനെ അത് വിളിക്കാന്‍ പഠിപ്പിച്ചവരാണ് കുറ്റക്കാര്‍. പിഎഫ്ഐ നേതാക്കള്‍ ന്യായത്തിന് വേണ്ടി ന്യായം പറയുകയാണ്. മത സംഘട്ടനം ഉണ്ടാക്കാന്‍ ദുഷ്ട ശക്തികള്‍ ശ്രമിച്ചു. മുസ്ലീം സമുദായത്തില്‍ ആരും മുദ്രാവാക്യം തള്ളി പറഞ്ഞില്ല. ലോകാവസാനം വരെ നടക്കാത്ത കാര്യമാണ് കുട്ടിയെ കൊണ്ട് വിളിപ്പിച്ചത്. രാജ്യം കൊടുത്ത സ്വാതന്ത്ര്യം ചൂഷണം ചെയ്യുകയാണ്, വെള്ളാപ്പള്ളി വിമര്‍ശിച്ചു.
