തിരുവനന്തപുരം: പരിക്കേറ്റ അമ്മയെയും പിഞ്ചുകുഞ്ഞുങ്ങളെയും ആരോഗ്യമന്ത്രി വീണാ ജോർജ് ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി. ഇന്നലെ രാത്രി 9.30 ഓടെയാണ് പേയാട് സ്വദേശികളായ അനുവും കുടുംബവും പാളയം വി.ജെ.ടി ഹാളിന് സമീപം അപകടത്തിൽപ്പെട്ടത്. മന്ത്രി കിഴക്കേക്കോട്ടയിലേക്ക് പോകുന്ന സമയത്തായിരുന്നു അപകടം.
അനുവും ഭാര്യ ആതിരയും മക്കളും സഹോദരന്റെ മക്കളും സഞ്ചരിച്ചിരുന്ന ബൈക്കുകളിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ആതിരയും മക്കളും റോഡിൽ വീണു. ഇടിച്ച ബൈക്ക് നിര്‍ത്താതെ ഓടിച്ചു പോയി. ബൈക്ക് കാലില്‍ വീണ് ആതിരയ്ക്കു പരുക്കേറ്റു.
ഓണാഘോഷത്തോടനുബന്ധിച്ച് ഗതാഗതക്കുരുക്ക് രൂക്ഷമായ സമയത്താണ് അപകടമുണ്ടായത്. റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന മന്ത്രി വീണാ ജോർജ് അപകടം കണ്ട് വാഹനം നിർത്തി പുറത്തിറങ്ങി. ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. ഗതാഗതക്കുരുക്കിനെ തുടർന്ന് ആംബുലൻസ് വൈകിയതിനെ തുടർന്ന് പരിക്കേറ്റ ആതിരയെ മന്ത്രിയുടെ വാഹനത്തിൽ തന്നെ ആശുപത്രിയിലെത്തിച്ചു.