ഏകീകൃത സിവില്‍ കോഡില്‍ സിപിഐഎമ്മിന് മുന്നറിയിപ്പുമായി പ്രതിപക്ഷ വി ഡി സതീശന്. ഉത്തരത്തിലുള്ളത് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ കക്ഷത്തിലുള്ളത് പോകരുതെന്നാണ് പരിഹാസം. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചിട്ടേ ഉള്ളൂ. പോയിട്ടിട്ടല്ലോ എന്ന് വി ഡി സതീശന് ചോദിച്ചു.
അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതം എന്നതാണ് ലീഗിന്റെ കാര്യത്തില്‍ സിപിഐഎം നിലപാട്. ഏകീകൃത സിവില്‍ കോഡില്‍ സിപിഐഎമ്മിനാണ് അവ്യക്തതയുള്ളത്. അത് മറച്ചുപിടിക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നതെന്നും വി ഡി സതീശന് കുറ്റപ്പെടുത്തി. സിവില്‍ കോഡ് വിഷയത്തില്‍ അഴിമതിക്കാരായ സിപിഐഎമ്മുമായി ചേര്‍ന്ന് സമരത്തിനില്ല. നയരേഖ തള്ളിപ്പറയാന്‍ സിപിഐഎം തയ്യാറുണ്ടോ എന്നും വിഡി സതീശന് ചോദിച്ചു.
ഏക സിവില്‍ കോഡിനെതിരെയുള്ള സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമെന്നാണ് സമസ്തയുടെ നിലപാട്. സിപിഐഎമ്മിന്റെ ക്ഷണം സമസ്ത സ്വീകരിച്ചിട്ടുണ്ട്. സെമിനാര്‍ ഈ മാസം 15ന് കോഴിക്കോടാണ് നടക്കുന്നത്. ഏക സിവില്‍ കോഡ് പിന്‍വലിക്കണം, പ്രധാനമന്ത്രിയെ നേരില്‍ കാണും. ഏക സിവില്‍ കോഡ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കും, മറുപടി അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
ഏക സിവില്‍ കോഡിനെതിരായ സി.പി.എം പ്രതിഷേധ പരിപാടിക്ക് ക്ഷണം ലഭിച്ചെന്ന് മുസ്ലിം ലീഗും വ്യക്തമാക്കി. പരിപാടിയില്‍ പങ്കെടുക്കണമോ എന്നതില്‍ ഉടന്‍ തീരുമാനം എടുക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.