കല്പറ്റ: മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ ആക്രമണം നടന്നതെന്ന് പ്രതിപക്ഷ നേതാവ് വ.ഡി. സതീശൻ ആരപിച്ചു.എസ്.എഫ്.ഐ ആക്രമികള്‍ക്ക് പുറമെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെയും ആരോഗ്യമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെയും നേതൃത്വത്തിലായിരുന്നു ആക്രമണം.എന്നിട്ടാണ് ആരും ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ആസൂത്രിതമായാണ് ആക്രമണം നടത്തിയത്. കാര്യങ്ങള്‍ എല്ലാം തീര്‍ന്നില്ലേ ഇനി കുട്ടികളെ വിട്ടേക്കൂ എന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന് ഡി.വൈ.എസ്.പിയോട് പറഞ്ഞത്.മുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രകടനമായി എത്തിയവരെ പൊലീസ് തടയാതിരുന്നത്. ജില്ലാ കമ്മിറ്റി ഓഫീസിന്റെ മുന്നില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. രാഹുല്‍ ഗാന്ധിയുടെ ഏത് പരിപാടി വന്നാലും അനുമതി കൊടുക്കാതിരിക്കാന്‍ സ്പെഷല്‍ ബ്രാഞ്ചില്‍ പുതിയൊരു ഡി.വൈ.എസ്.പിയെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. എല്ലാം ആസൂത്രണം ചെയ്തശേഷമാണ് ഒന്നും അറിയില്ലെന്ന് പറയുന്നത്.കണ്ണില്‍ പൊടിയിടാനാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്നും പ്രതിപനക്ഷ നേതാവ് പറഞ്ഞു.
വയനാട്ടില്‍ നിന്നും രാഹുല്‍ ഗാന്ധിയെ തുരത്തണമെന്നത് മോദി സര്‍ക്കാരിന്റെ അജണ്ടയാണെന്നുംവി.ഡി.സതീശൻ പറഞ്ഞു.സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വയനാട്ടില്‍ എത്തിയെങ്കിലും അവര്‍ക്ക് ഈ അജണ്ട ഏറ്റെടുക്കാനുള്ള ശേഷിയില്ല.സംഘപരിവാര്‍ ക്വട്ടേഷന്‍ കേരളത്തിലെ സി.പി.എം ഏറ്റെടുത്തതാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് എതിരായ ആക്രമണം.അറിയപ്പെടുന്ന ക്രിമിനലുകളെ വിളിച്ചുവരുത്തി സംഘപരിവാറിനെ സന്തോഷിക്കുന്നതിന് വേണ്ടി നടത്തിയ ശ്രമമാണെന്ന ആരോപണം ശരിവയ്ക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്.സംഘപരിവാര്‍ സംഘടനകള്‍ ഗാന്ധി ചിത്രത്തിന് മേല്‍ നിറയൊഴിക്കുന്നത് പോലെയാണ് സി.പി.എമ്മും പെരുമാറുന്നത്.കേരളത്തില്‍ സംഘപരിവാര്‍ പോലും ചെയ്യാത്ത ഗാന്ധി നിന്ദയാണ് സി.പി.എം ചെയ്തു കൊണ്ടിരിക്കുന്നത്. ഗാന്ധിഘാതകരെ സന്തോഷിപ്പിച്ച് സ്വര്‍ണക്കടത്ത് കേസില്‍ സന്ധി ചെയ്യുകയാണ് സി.പി.എം ലക്ഷ്യമെന്നും വി.ഡി.സതീശൻ കുറ്റപ്പെടുത്തി.
ഞങ്ങളുടെ പ്രവര്‍ത്തകരെയും ഓഫീസുകളെയും സംരക്ഷിക്കാനുള്ള ബാധ്യത നേതൃത്വത്തിനുണ്ട്. ആത്മസംയമനത്തിന്റെയും നിയമന്ത്രണത്തിന്റെയും അവസാനഘട്ടത്തില്‍ നില്‍ക്കുകയാണ്.സി.പി.എം ഞങ്ങളെ പരമാവധി പ്രകോപിപ്പിക്കുകയാണ്.ദേശീയ നേതാവിനെയാണ് അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നത്. രക്തസാക്ഷികളെ ഉണ്ടാക്കുക്കയാണ് അവരുടെ ലക്ഷ്യം. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ രക്തസാക്ഷിയാക്കിയും കേസില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമമാണ് സി.പി.എം നേതാക്കള്‍ നടത്തുന്നത്.
ബഫര്‍ സോണും എസ്.എഫ്.ഐയും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇത് സംബന്ധിച്ച് ജൂണ്‍ 10-ന് രാഹുല്‍ ഗാന്ധി കേരള മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.സോണിലെ പ്രദേശികമായ മാറ്റങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിക്കണമെന്ന കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ കത്ത്. എന്നാല്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയതിനെ സി.പി.എം ജില്ലാ സെക്രട്ടറി ആക്ഷേപിച്ചു. ബഫര്‍ സോണിലെ യഥാര്‍ത്ഥ വില്ലന്‍ പിണറായി വിജയനാണ്. വനത്തിന്റെയും വന്യജീവി സങ്കേതത്തിന്റെയും ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണായി പ്രഖ്യാപിക്കാമെന്ന് പിണറായി അധ്യക്ഷമായ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചിത്.എന്നിട്ടാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സി.പി.എം തന്നെ ഹര്‍ത്താല്‍ നടത്തിയതെന്നും വി.ഡി.സതീശൻ കുറ്റപ്പെടുത്തി.
