തിരുവനന്തപുരം: കേരള സാമൂഹ്യസുരക്ഷാ മിഷൻ നടപ്പാക്കിവരുന്ന വയോമിത്രം പദ്ധതിയുടെ പ്രവർത്തനം കമ്പ്യൂട്ടർവത്കരിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ പ്രത്യേക സോഫ്റ്റ്വെയർ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും.
ജൂൺ 3ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പൂജപ്പുരയിൽ കേരള സാമൂഹ്യസുരക്ഷാ മിഷൻ കാര്യാലയത്തിലാണ് പരിപാടി. ചടങ്ങിൽ ബഹു. പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി ശ്രീ. വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ബഹു. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥി ആയിരിക്കും.
വയോമിത്രം പദ്ധതി പ്രവർത്തനം പ്രത്യേക സോഫ്റ്റ്വെയർ വഴി കമ്പ്യൂട്ടർവൽക്കരിക്കുന്നതിലൂടെ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനാണ് സാമൂഹ്യനീതി വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പദ്ധതിയുടെ വിപുലീകരണത്തിനും നവീകരണത്തിനും കൂടുതൽ ഇടപെടലുകൾ നടത്തിവരികയാണ് സർക്കാർ – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.
ഉദ്ഘാടനച്ചടങ്ങിൽ സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി.റാണി ജോർജ്, കേരള സാമൂഹ്യസുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീമതി. ഷെറിൻ. എം. എസ്. തുടങ്ങിയവർ പങ്കെടുക്കും.
