വടകര: അശ്ലീല വീഡിയോയുടെ നിർമാണം വടകരയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി തന്നെ നിഷേധിച്ച സ്ഥിതിക്ക് ഇത്രയും ദിവസം ആർക്കുനേരെയാണ് രൂക്ഷമായ വ്യക്തിഹത്യ ഉണ്ടായതെന്ന് സി.പി.എമ്മും സ്ഥാനാർഥിയും തുറന്നുപറയണമെന്ന് യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിൽ. വീഡിയോയുടെ പേര് പറഞ്ഞ് തനിക്കും കൂടെയുള്ളവർക്കുമെതിരെ രൂക്ഷമായ ആക്രമണമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പൊതുഇടങ്ങളിലും ഉണ്ടായത്. ഇപ്പോൾ സ്ഥാനാർത്ഥി തന്നെ പറയുന്നു അങ്ങനെ പറഞ്ഞിട്ടില്ലെന്ന്. അങ്ങനെയെങ്കിൽ ഇത്രയും ദിവസങ്ങൾ തങ്ങൾക്കെതിരെ പോസ്റ്റ് ഇട്ടവരും നെടുങ്കൻ പ്രസ്താവനകൾ എഴുതിയവരും തിരുത്താൻ തയ്യാറാവുമോയെന്നും സ്ഥാനാർഥി ഉൾപ്പെടെയുള്ളവർ ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകുമോയെന്നും ഷാഫി പറമ്പിൽ ചോദിച്ചു.
‘വ്യക്തിഹത്യ നേരിട്ടത് ഞാനാണ്. വ്യക്തിഹത്യ മറ്റുള്ളവർക്കെതിരെ ആവാം, തനിക്കെതിരെ മാത്രം പാടില്ല എന്ന നിലപാട് ഒരു പൊതുപ്രവർത്തകയ്ക്ക് സ്വീകരിക്കാൻ കഴിയുമോ? കെ.കെ. രമയ്ക്കും രമ്യ ഹരിദാസിനും എതിരെയുണ്ടായ അസഭ്യവർഷങ്ങൾ തെളിവുകളോടെയാണ് ഉന്നയിച്ചിട്ടുള്ളത്. ഇപ്പോൾ സ്ഥാനാർഥി പറഞ്ഞതുപോലെ പിന്നീട് നിഷേധിക്കേണ്ട കാര്യങ്ങൾ അല്ല ഉന്നയിച്ചത്. സ്ക്രീൻഷോട്ട് ഉൾപ്പെടെ വെച്ചാണ് കെ.കെ. രമ പരാതി നൽകിയിട്ടുള്ളത്. രമ്യയ്ക്കെതിരെയുളള അസഭ്യവർഷം ഇപ്പോഴും പൊതുഇടത്തിൽ കാണാവുന്നതാണ്. മുൻ എം.എൽ.എയുടെ മകൻ്റെ ഉൾപ്പെടെ അസഭ്യത്തിൻ്റെ സ്ക്രീൻഷോട്ടുകൾ പ്രചരിക്കുന്നു.’ -ഷാഫി പറഞ്ഞു.
‘കെ.കെ. രമ നടത്തിയ വാർത്താസമ്മേളനം മുറിച്ചു തറിച്ച് പല രൂപത്തിൽ വികൃതമാക്കി എനിക്കും കൂടെയുള്ളവർക്കും നേരെ പുതിയ വീഡിയോ ഇറക്കിയിരിക്കുന്നു. ഇവയ്ക്കെല്ലാമെതിരെ നടപടി സ്വീകരിക്കാൻ എൽ.ഡി.എഫ്. സ്ഥാനാർഥി കൂടെ നിൽക്കുമോ? എന്തുകൊണ്ടാണ് ഇവയെ ഒന്നും തള്ളിപ്പറയാൻ സ്ഥാനാർത്ഥിയോ എൽ.ഡി.എഫോ തയ്യാറാവാത്തത്? അതൊരു ശരിയായ നിലപാടാണ് എന്ന് പറയാൻ കഴിയുമോ? എല്ലാവരോടും കരുതലും ചേർത്തുനിർത്തലും എന്നൊക്കെയാണ് പുറത്തു പറയുന്നത് എങ്കിൽ ആ കരുതൽ തന്നോട് മാത്രമാണ് എന്ന് പറയാതെ പറയാതെ പറയുകയല്ലേ സ്ഥാനാർഥി ചെയ്യുന്നത്.’ -ഷാഫി പറമ്പിൽ ചോദിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുറ്റ്യാടി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.
മോർഫ് ചെയ്ത വീഡിയോ ഉണ്ടെന്നല്ല, തല മാറ്റി തന്റെ തല ഒട്ടിച്ച പോസ്റ്റർ ഉണ്ടെന്നാണ് താൻ പറഞ്ഞതെന്ന് നേരത്തേ കെ.കെ. ശൈലജ പറഞ്ഞിരുന്നു. വടകര പ്രസ്ക്ലബ്ബിന്റെ മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശൈലജ. എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ ഈ പ്രസ്താവന ഇപ്പോൾ പ്രചാരണായുധമാക്കിയിരിക്കുകയാണ് യു.ഡി.എഫ്.