
കോഴിക്കോട്: അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹയി 503 കപ്പിലുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പുരോഗതി. തീ ഏതാണ്ട് അണഞ്ഞതിനെ തുടര്‍ന്ന് ഏഴു രക്ഷാപ്രവര്‍ത്തകര്‍ കപ്പലില്‍ പ്രവേശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
കപ്പലിനെ ഓഫ്ഷോര്‍ വാരിയര്‍ ടഗുമായി രണ്ടാമതൊരു വടം കൂടി ബന്ധിപ്പിക്കാനും സാധിച്ചു. നിലവില്‍ കൊച്ചി തീരത്തുനിന്ന് 72 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലാണ് കപ്പലുള്ളത്. കാലാവസ്ഥ മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാമെന്നാണ് കരുതുന്നതെന്ന് ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
രക്ഷാപ്രവര്‍ത്തനത്തിന് കപ്പല്‍ കമ്പനി നിയോഗിച്ച ടി ആന്റ് ടി സാല്‍വേജ് കമ്പനിയുടെ 5 ജീവനക്കാരും രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങളുമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് കപ്പലില്‍ പ്രവേശിച്ചത്. തീപിടിത്തമുണ്ടാക്കിയ നാശനഷ്ടങ്ങള്‍ കണക്കാക്കുക, വോയേജ് ഡാറ്റാ റെക്കോര്‍ഡര്‍ വീണ്ടെടുക്കുക തുടങ്ങിയ കാര്യങ്ങളാണ് സംഘം ലക്ഷ്യംവെക്കുന്നത്. കപ്പലിന്റെ ഉള്ളിലേക്കു പ്രവേശിച്ച് പരിശോധന നടത്താനുള്ള ഒരുക്കങ്ങളും നടക്കുന്നു.
കപ്പലില്‍ മറ്റൊരു സിന്തറ്റിക് വടം കൂടി ഘടിപ്പിക്കാന്‍ സാധിച്ചത് വലിയ നേട്ടമായാണ് ഡി.ജി. ഷിപ്പിംഗ്് വിലയിരുത്തുന്നത്. ഭാവിയില്‍ കപ്പലിനെ നീണ്ടനേരം കെട്ടിവലിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇത് നിര്‍ണായകമാകും. നിലവില്‍ 72 നോട്ടിക്കല്‍ മൈല്‍ എന്ന സുരക്ഷിത ദൂരം പാലിക്കാനും രണ്ടു വടങ്ങള്‍ സഹായകമാകും. നിലവില്‍ ഉപയോഗിക്കുന്ന സിന്തറ്റിക് വടത്തിനു പകരം സ്റ്റീല്‍ കൊണ്ടുള്ള വടം ഉപയോഗിക്കുന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
