മനാമ: രാജ്യത്ത് നിലവിൽ ഈടാക്കി വരുന്ന മൂല്യവർദ്ധിത നികുതി അഞ്ച് ശതമാനത്തിൽ നിന്ന് പത്ത് ശതമാനമാക്കി ഉയർത്താനുള്ള തീരുമാനം എടുത്തേക്കുമെന്ന് സർക്കാരിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യം നേരിട്ട സാമ്പത്തിക അരക്ഷിതാവസ്ഥയിൽ നിന്ന് കരകയറാനും, 2024ൽ പഴയ നില കൈവരിക്കാനും വാറ്റ് നികുതി പത്ത് ശതമാനം ആക്കുന്നത് വഴി സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. വരുമാനം വർദ്ധിപ്പിക്കുന്നതിനും ഗൾഫിലെ ഏറ്റവും വലിയ ബജറ്റ് കമ്മി കുറയ്ക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് തീരുമാനം. ഇതു കൂടാതെ സ്വദേശികൾക്ക് നൽകിവരുന്ന സാമൂഹ്യസുരക്ഷ പദ്ധതികൾ വെട്ടിചുരുക്കുന്നതടക്കമുള്ള മാർഗങ്ങളും സ്വീകരിച്ചേക്കും. പ്രമുഖ ബിസിനസ് പോർട്ടലായ ബ്ലൂംബർഗാണ് ഈ വിവരങ്ങൾ പുറത്ത് വിട്ടത്. സമ്പദ്വ്യവസ്ഥയെ ദുർബലപ്പെടുത്താതെ സർക്കാർ സാമ്പത്തിക സന്തുലിതാവസ്ഥ നിലനിർത്താനുള്ള വഴികൾ തേടുന്നതിനാൽ സമഗ്രമായ ചെലവ് വരുമാന അവലോകനങ്ങൾക്കും ശേഷം രാജ്യം വാറ്റ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചേക്കും.
