വടക്കാഞ്ചേരി: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ അനുവദിച്ചു. യുണിടാക്ക് ഉടമ സന്തോഷ് ഈപ്പനും സെന്റ് വെഞ്ചേഴ്സിനുമെതിരായ അന്വേഷണം തുടരാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റർചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ സി.ഇ.ഒ. യു.വി. ജോസ് ആണ് ഹർജി നൽകിയത്.അന്വേഷണം നിയമപരമല്ലാത്തതിനാൽ സിബിഐ എഫ്ഐആർ റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ എഫ്ഐആർ റദ്ദാക്കാൻ ഹൈക്കോടതി തയ്യാറായില്ല. ജസ്റ്റിസ് വി.ജി. അരുൺ ആണ് വിധി പറഞ്ഞത്. വിദേശസഹായ നിയന്ത്രണ നിയമം (എഫ്.സി.ആർ.എ.) ലംഘിച്ചെന്നു കാട്ടി സി.ബി.ഐ. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ നിയമപരമായി നിലനിൽക്കില്ലെന്നാണ് ലൈഫ് മിഷന്റെ വാദം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂണിടാകും കോടതിയെ സമീപിച്ചിരുന്നു.