മലപ്പുറം: കോവിഡ് 19 വ്യാപനത്തിന് പ്രതിരോധവുമായി മലപ്പുറം ജില്ലയും. ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി കോവിഷീല്‍ഡ് വാക്സിന് കുത്തിവെപ്പ് ആരംഭിച്ചു. ആദ്യ ദിവസം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് പ്രതിരോധ മരുന്ന് നല്‍കിയത്. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 23880 പേരില്‍ നിന്നും 13000 പേര്‍ക്ക് രണ്ട് ഡോസ് വീതം നല്‍കാനുള്ള വാക്സിന് എത്തിയിട്ടുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ്, നിലമ്പൂര്‍ ജില്ലാ ആശുപത്രി, തിരൂര്‍ ജില്ലാ ആശുപത്രി, വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി, മലപ്പുറം താലൂക്ക് ആശുപത്രി, കൊണ്ടോട്ടി താലൂക്ക് ആശുപത്രി, പൊന്നാനി താലൂക്ക് ആശുപത്രി, നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രം, പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ആശുപത്രി എന്നിവിടങ്ങളിലാണ് വാക്സിന് നല്‍കുന്നത്.
വാക്സിനേഷന് സ്വീകരിക്കുന്നവര്‍ക്ക് വരേണ്ട സമയവും സ്ഥലവും കാണിച്ചുള്ള അറിയിപ്പ് മൊബൈല്‍ ഫോണില്‍ നല്‍കിയിരുന്നു. വാക്സിനെടുത്തവര്‍ 30 മിനിറ്റ് നേരം നിരീക്ഷണ മുറിയില്‍ കാത്തിരുന്ന ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. നെടുവയില്‍ ഡോക്ടര്‍ അബ്ദു സമദും പെരിന്തല്‍മണ്ണയില്‍ നഴ്സ് അഞ്ജനയും കോണ്ടോട്ടിയില്‍ ഡോ. സന്തോഷും വളവന്നൂരില്‍ ഡോ അഹമ്മദ്കുട്ടിയും തിരൂരില്‍ പിആര്‍ഒ മുനീറും നിലമ്പൂരില്‍ ഗിരീഷനും മലപ്പുറത്ത് ഡോ.വി.യു. സീതിയും ആദ്യ ആദ്യവാക്സിന് സ്വീകരിച്ചു. പി.വി അബ്ദുല്‍ വഹാബ് എം.പി,സ്പീക്കര്‍ ശ്രീരാമകൃഷ്ണന്, എംഎല്‍എമാര്‍,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ വാക്സിന്കേന്ദ്രങ്ങള് സന്ദര്‍ശിച്ചു. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ കുത്തിവെപ്പ് തുടരും.