മനാമ: ബഹ്റൈനിൽ 3 മുതൽ 11 വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും സിനോഫാം വാക്സിൻ അംഗീകരിച്ചു. ഈ പ്രായത്തിലുള്ള എല്ലാ കുട്ടികൾക്കും ബുധനാഴ്ച (ഒക്ടോബർ 27) മുതൽ വാക്സിനേഷൻ ആരംഭിക്കുമെന്ന് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചു. വാക്സിനേഷൻ കമ്മിറ്റി നടത്തിയ എല്ലാ മെഡിക്കൽ ഹെൽത്ത്, സേഫ്റ്റി ശുപാർശകളുടെയും സമഗ്രമായ അവലോകനത്തെ തുടർന്നാണ് മൂന്ന് മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം ഡോസുകൾ നൽകാൻ തീരുമാനമെടുത്തതെന്ന് ടാസ്ക്ഫോഴ്സ് അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നും ടാസ്ക്ഫോഴ്സ് കൂട്ടിച്ചേർത്തു.
വാക്സിനേഷനായി മന്ത്രാലയത്തിന്റെ healthalert.gov.bh എന്ന വെബ്സൈറ്റ് വഴിയോ BeAware ആപ്ലിക്കേഷൻ വഴിയോ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷന് നിയമപരമായ രക്ഷിതാവിന്റെ സമ്മതം ആവശ്യമാണെന്നും വാക്സിനേഷൻ എടുക്കുമ്പോൾ കുട്ടികൾക്കൊപ്പം മുതിർന്നവരും ഉണ്ടായിരിക്കണമെന്നും ടാസ്ക്ഫോഴ്സ് അറിയിച്ചു.
അതേസമയം, 11 മുതല്‍ 17 വരെ പ്രായമുള്ള കുട്ടികള്‍ക്ക് സിനോഫാമിനു പുറമെ, ഫൈസര്‍ വാക്സിനും ബഹ്റൈനിൽ നല്‍കുന്നുണ്ട്. രണ്ട് ഡോസ് വാക്സിന് എടുത്ത് ആറു മാസം പിന്നിട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതും പുരോഗമിക്കുന്നു. ബൂസ്റ്റര്‍ ഡോസായി ഫൈസര്‍ വാക്സിനോ അല്ലെങ്കില്‍ ആദ്യ രണ്ട് ഡോസുകള്‍ എടുത്ത അതേ വാക്സിനോ സ്വീകരിക്കാൻ സാധിക്കും. മൂന്നാം ഡോസ് രോഗപ്രതിരോധ ശേഷി വലിയ തോതില്‍ ഉയര്‍ത്തുന്നുവെന്ന് പഠനങ്ങളില്‍ വ്യക്തമായതിന് തുടര്‍ന്നാണ് തീരുമാനം. രണ്ടാം ഡോസ് വാക്സിന് എടുത്ത് ആറു മാസം കഴിഞ്ഞവരുടെ ബിവെയര്‍ ആപ്പിലെ സ്റ്റാറ്റസ് പച്ചയില്‍ നിന്ന് മഞ്ഞയിലേക്ക് മാറും. ബൂസ്റ്റര്‍ ഡോസ് എടുത്താല്‍ മാത്രമേ അത് തിരികെ പച്ചയായി മാറുകയുള്ളൂ. ബഹറിനിൽ ഒക്ടോബര്‍ ഒന്നു മുതലാണ് ബൂസ്റ്റർ ഡോസിനായി സ്റ്റാറ്റസിൽ മാറ്റമുണ്ടായി തുടങ്ങിയത്.