തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇല്ലാത്ത എന്ത് ബേജാറാണ് കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാർക്കുള്ളതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഡൽഹിയിലെ കോൺഗ്രസ് എംപിമാരുടെ മാർച്ചിലെ രാഹുലിന്റെ അസാന്നിധ്യം ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. ശശി തരൂർ മാർച്ചിൽ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് യു ഡി എഫ് എം പിമാർ പരിശോധിക്കുന്നത് നന്നാവുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കെ സുധാകരൻ മാർച്ചിൽ പങ്കെടുക്കാത്തത് പോലീസിന്റെ തല്ല് പേടിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെയോ ഇന്ധനവില വർദ്ധനവിനെതിരെയോ അല്ല യുഡിഎഫ് എംപിമാർ ഡെൽഹിയിൽ മാർച്ച് നടത്തിയത്. കേരളത്തിന് ഗുണകരമാകുന്ന ഒരു പദ്ധതി തടയണമെന്നാവശ്യപ്പെട്ട് ആണ് ഇവരുടെ മാർച്ച്. സ്വന്തം ജനതക്കെതിരെ തിരിഞ്ഞ ജനപ്രതിനിധികളെയാണ് ഡൽഹിയിലെ മാർച്ചിൽ കണ്ടത്.
മന്ത്രിമാരുടെ വസതികളിൽ കല്ലിടുമെന്ന ഭീഷണി ബിജെപിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് കാണിക്കുന്നത്. കേരളത്തിന്റെ വികസനം പിന്നോട്ട് അടുപ്പിക്കാനുള്ള ശ്രമങ്ങളുടെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും ഒറ്റക്കെട്ടാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
