ചെങ്ങന്നൂർ: മന്ത്രിമാർ ഉച്ചഭക്ഷണം വിളമ്പാൻ എത്തിയപ്പോൾ കുഞ്ഞുങ്ങൾക്ക് ആദ്യം അത്ഭുതമായിരുന്നു. പിന്നീടത് ആഹ്ലാദമായി മാറി. ചെങ്ങന്നൂർ ഗവർമെന്റ് യു പി എസ് പേരിശ്ശേരിയിൽ ആണ് മന്ത്രിമാരായ വി ശിവൻകുട്ടിയും സജി ചെറിയാനും വിളമ്പുകാരായത്.
ചെങ്ങന്നൂർ ഗവർമെന്റ് യു പി എസ് പേരിശ്ശേരിയിലെ പൂർത്തിയായ സ്കൂൾ കെട്ടിടത്തിന്റെ പ്രവർത്തന ഉദ്ഘാടനത്തിനായാണ് മന്ത്രിമാരെത്തിയത്. പരിപാടിക്കിടെയാണ് മന്ത്രിമാർ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലത്തെത്തി ഭക്ഷണം കുട്ടികൾക്ക് വിളമ്പിയത്.
സ്കൂളുകളിൽ നല്ല ഭക്ഷണം ഉച്ചയ്ക്ക് നൽകാനാകുന്നതിൽ സന്തോഷമുണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. പി ടി എ, അധ്യാപകർ, നാട്ടുകാർ തുടങ്ങി ഏവരുടെയും പിന്തുണയോടെ മികച്ച രീതിയിൽ ഉച്ചഭക്ഷണ പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്നും മന്ത്രി പറഞ്ഞു.
ചെങ്ങന്നൂർ മണ്ഡലത്തിലെ മുളക്കുഴ ഗവർമെന്റ് എൽ പി എസ്, പേരിശ്ശേരി ഗവർമെന്റ് യു പി സ്കൂൾ, മാന്നാർ ഗവർമെന്റ് ജെ ബി എസ്, ചെന്നിത്തല ഹരിജനോദ്ധാരണി ഗവർമെന്റ് എൽ പി സ്കൂൾ എന്നിവിടങ്ങളിലെ നാല് കെട്ടിടങ്ങളുടെ പ്രവർത്തനോദ്ഘാടനവും ചെങ്ങന്നൂർ ഗവർമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനവും മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.ചടങ്ങുകളിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായിരുന്നു.
ചെങ്ങന്നൂർ മണ്ഡലത്തിലെ ഗവണ്മെന്റ് മുഹമ്മദൻസ് ഹൈസ്കൂൾ കൊല്ലക്കടവ്, ഗവർമെന്റ് ഹൈസ്കൂൾ തിരുവൻവണ്ടൂർ,ഗവർമെന്റ് എൽ പി എസ് പെരിങ്ങാല,ഗവർമെന്റ് എൽ പി എസ് കളരിത്തറ എന്നീ സ്കൂളുകൾക്ക് പുതിയ കെട്ടിട നിർമാണത്തിനായി 5 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.