മനാമ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ബഹ്റൈനിൽ എത്തി. ബഹ്റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ, അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങൾക്കുള്ള അണ്ടർസെക്രട്ടറി തൗഫീഖ് അഹ്മദ് അൽ മൻസൂർ അദ്ദേഹത്തെ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം.
വിദേശകാര്യ സഹമന്ത്രി എന്ന നിലയിലുള്ള വി. മുരളീധരന്റെ ആദ്യ ബഹ്റൈൻ സന്ദർശനമാണ് ഇത്. ബഹ്റൈനിലെ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇതിന് പുറമേ, ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്, സാമൂഹിക സേവനം തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഇരു രാജ്യങ്ങളും തങ്ങളുടെ വിജയകരമായ നയതന്ത്ര ബന്ധത്തിന്റെ സുവര്‍ണ ജൂബിലി 2021ല്‍ ആഘോഷിക്കുകയാണ്. ഏകദേശം ഒരു ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരത്തിനാണ് ബഹ്റൈനുമായി ഇന്ത്യ ഒപ്പുവച്ചിട്ടുള്ളത്. ബഹ്റൈനും ഇന്ത്യയും തമ്മിൽ ശക്തമായ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ബന്ധമാണ് നിലനിൽക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഈ സഹകരണം കൂടുതൽ മെച്ചപ്പെടുകയും ചെയ്തു.
കോവിഡ് -19 മഹാമാരിക്കാലത്ത് ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 ഓഗസ്റ്റില്‍ ബഹ്റൈന്‍ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബഹ്റൈൻ സന്ദർശിച്ചിരുന്നു. ഈ വർഷം ഏപ്രിലിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇന്ത്യ സന്ദർശിച്ചിരുന്നു. ഇന്ത്യ-ബഹ്റൈൻ മൂന്നാമത് ഹൈ ജോയിൻറ് കമീഷൻ യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം ഇന്ത്യയിൽ എത്തിയത്.