പത്തനംതിട്ട: കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയുടെ ഗുണഫലം കിട്ടാത്തത് ഉൾപ്പെടെയുള്ള കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങൾ കേന്ദ്ര കൃഷിമന്ത്രിയുടെയും ധനമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.
നിരണത്ത് അത്മഹത്യ ചെയ്ത കർഷകൻ രാജീവൻറെ കുടുംബത്തെ സന്ദർശിച്ച ശേഷം പ്രദേശത്തെ പാടശേഖരസമിതികളുടെ ഭാരവാഹികളുമായി മുരളീധരൻ
കർഷകർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് നേരിട്ട് ചർച്ച നടത്തി.
കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയുടെയും പ്രധാൻമന്ത്രി ഫസൽ ബിമ യോജനയുടെയും ഗുണഫലം കർഷകർക്ക് കിട്ടുന്നില്ല എന്ന് ചർച്ചയിൽ ബോധ്യമായി എന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഈ പദ്ധതികളൊന്നും തന്നെ നടപ്പിലാക്കാൻ വേണ്ടി ഉള്ള ശ്രമം സംസ്ഥാന സർക്കാരിൻറെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല എന്ന് കർഷകർ ചർച്ചയിൽ ഉന്നയിച്ചു എന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ കർഷകരുടെ കണ്ണീരൊപ്പാൻ വേണ്ടി വിമാനം കയറി പോകുന്ന ആളുകൾ കുട്ടനാട്ടിലെ കർഷകരുടെ പ്രശ്നങ്ങൾ എന്തുകൊണ്ട് കാണുന്നില്ല എന്നും മുരളീധരൻ ചോദിച്ചു. വിളവെടുപ്പിന് ആവശ്യമായ യന്ത്രങ്ങൾ
തമിഴ്നാട്ടിൽ നിന്ന് വാടകക്ക് എടുക്കേണ്ടി വരുന്ന ഗതികേടിലാണ് കർഷകർ. വിളവെടുപ്പ് കഴിഞ്ഞാൽ കിട്ടുന്ന പണം വാടക കൊടുക്കാൻ പോലും തികയുന്നില്ല. കേരളത്തിലെ കാർഷിക മേഖലയുടെ തകർച്ചക്ക് ഉത്തരവാദികൾ സംസ്ഥാന സർക്കാരിൻറെ കെടുകാര്യസ്ഥത ആണെന്നും മുരളീധരൻ പറഞ്ഞു .
അത്മഹത്യ ചെയ്ത കർഷകൻ രാജീവൻറെ കുടുംബത്തിന് സഹായം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല എന്നത് പരിതാപകരം ആണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
