തിരുവനന്തപുരം: വീടുകളിൽ നിന്നുള്ള സമ്പർക്കത്തിലൂടെ കൊറോണ വൈറസ് പകരുന്നതാണ് കേരളത്തിൽ ഇപ്പോൾ രോഗവ്യാപനം ഉയരാൻ കാരണമെന്ന ആരോഗ്യമന്ത്രി വീണ ജോർജിന്റെ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി വി. മുരളീധരൻ. പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചകൾ കണ്ടെത്തി പരിഹരിക്കുന്നതിന് പകരം ജനങ്ങളെ കുറ്റക്കാരാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വി. മുരളീധരൻ പറഞ്ഞു.
രോഗബാധിതർ വീടുകളിൽ ക്വാറൻന്റൈനിൽ കഴിയുന്നത് നിരീക്ഷിക്കുന്നതിൽ സർക്കാർ അലംഭാവം കാട്ടി. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തി സമ്പർക്കപട്ടിക തയ്യാറാക്കുന്നതിലടക്കം സംസ്ഥാന സർക്കാറിന് സംഭവിച്ച വീഴ്ചകൾ മറച്ചുവച്ചുകൊണ്ടാണ് ആരോഗ്യ മന്ത്രി പ്രസ്താവനയിറക്കുന്നതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
രോഗവ്യാപനം തടയുന്നതിന് സംസ്ഥാന സർക്കാറിന്റെ ശക്തമായി നടപടികൾ അടിയന്തിരമായി ഉണ്ടാകണമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങളുടെ ജാഗ്രതക്കുറവാണ് രോഗ ബാധിതരുടെ എണ്ണം ഉയരാൻ കാരണമെന്ന വീണ ജോർജിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനക്കെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിട്ടുണ്ട്.